ഈ ലേഖയില്‍‍ തിരയുക

സര്‍ക്കാര്‍ ഒത്താശയോടെ കോടതിവിധികള്‍ അട്ടിമറിയ്ക്കപ്പെടുന്നു: പരിശുദ്ധ പിതാവു്

ഓര്‍ത്തഡോക്‌സ്‌ സഭയെ നിരന്തരം അവഗണിയ്ക്കുന്ന പ്രവണത അവസാനിപ്പിയ്ക്കേണ്ടത്‌ ആവശ്യമാണു്

കോട്ടയം: രാഷ്ട്രീയ സ്വാധീനവും സര്‍ക്കാര്‍ ഒത്താശയും ഉപയോഗപ്പെടുത്തി കോടതിവിധികളെ അട്ടിമറിക്കുകയാണെന്ന് പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ പള്ളികള്‍ക്കയച്ച കല്‍പനയില്‍ കുറ്റപ്പെടുത്തി. ലോകമെങ്ങുമുള്ള പുരാതന ഓര്‍ത്തഡോക്സ് സഭകളുടെ ഏഴു് സുപ്രീം പാത്രിയര്‍ക്കീസുമാരിലൊരാളാണു് പൗരസ്ത്യ കാതോലിക്കോസ്.


സഭ രാഷ്ട്രീയ-ഭരണ തലത്തില്‍ നേരിടുന്ന ആക്ഷേപവും നിന്ദയും ഗൌരവമായി കണക്കിലെടുക്കണം. ഭാരത ക്രൈസ്തവ സഭകളില്‍ നൂറു ശതമാനം തദ്ദേശീയം എന്ന് അവകാശപ്പെടാവുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയെ നിരന്തരം അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പരിശുദ്ധ ബാവ ആവശ്യപ്പെട്ടു.


മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പള്ളികളും സ്ഥാപനങ്ങളും ക്രൈസ്തവമല്ലാത്ത, അക്രമത്തിന്റെ ശൈലിയിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും വൈദികരെയും വിശ്വാസികളെയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നു. ആലുവ തൃക്കുന്നത്ത്‌ സെമിനാരി ഉടന്‍ കൈയേറുമെന്ന്‌ വിമത യാക്കോബായ വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്‌. ചെറുപ്പക്കാരുടെ സംഘടന രൂപവത്‌കരിച്ച്‌ കൈയേറ്റം നടത്തുകയാണ്‌ ലക്ഷ്യം. രാഷ്‌ട്രീയ സ്വാധീനവും സര്‍ക്കാര്‍ ഒത്താശയും ഉപയോഗപ്പെടുത്തി കോടതി വിധികളെ അട്ടിമറിക്കുന്നു. വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്‌.


സഭയുടെ ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ അച്ചടക്കത്തോടെയും കക്ഷിരാഷ്ട്രീയത്തിന് അതീതമായും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് കല്‍പനയില്‍ പരിശുദ്ധ ബാവ സഭാംഗങ്ങളെ ആഹ്വാനംചെയ്തു. വിശ്വാസികളുടെ പിന്‍ബലമില്ലാത്ത സമൂഹമായി സഭയെ തുച്ഛീകരിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓര്‍ത്തഡോക്‌സ്‌ സഭയെ നിരന്തരം അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടത്‌ ആവശ്യമാണു്. പള്ളികൈയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതിവിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട്‌ 16-ആം തീയതി കോട്ടയത്ത്‌ നടക്കുന്ന സഭാ സമ്മേളനത്തില്‍ പരമാവധി വിശ്വാസികള്‍ പങ്കെടുക്കണമെന്ന് പരിശുദ്ധ ബാവയുടെ കല്‌പനയില്‍ പറയുന്നു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.