ഈ ലേഖയില്‍‍ തിരയുക

തൃക്കുന്നത്ത്‌ പള്ളിയുടെ വാതില്‍ പൊളിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവം

ആലുവ: സഭാതര്‍ക്കത്തിന്റെ പേരില്‍ പൂട്ടിക്കിടക്കുന്ന ആലുവ തൃക്കുന്നത്ത്‌ പള്ളിയുടെ പ്രധാന വാതില്‍ നവം9 ഞായറാഴ്‌ച പൊളിഞ്ഞ നിലയില്‍ കാണപ്പെട്ടതു് മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭയും തമ്മില്‍ പുതിയ വിവാദത്തിനു കാരണമായി.
പള്ളിക്കു സമീപമുള്ളതും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കൈവശത്തിലുള്ളതുമായ സെമിനാരിയില്‍ താമസിക്കുന്നവര്‍ പള്ളിയുടെ വാതില്‍ തകര്‍ത്തതാണെന്നാണ്‌ വിമത യാക്കോബായ വിഭാഗം പോലീസിനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്‌. എന്നാല്‍, പള്ളിയുടെ താക്കോല്‍ കൈയിലുള്ളപ്പോള്‍ വാതില്‍ പൊളിച്ച്‌ അകത്തുകടക്കേണ്ട ആവശ്യമില്ലെന്നു് ഓര്‍ത്തഡോക്‌സ്‌ സഭയുടെ വിശ്വാസികള്‍ പറയുന്നു.
സെമിനാരി കൈവശത്തില്‍ വച്ചിരിയ്ക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭക്കാരെ അവിടെനിന്നു് പുറത്താക്കണമെന്നു് വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭാവിഭാഗം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്നു. പുതിയ ആരോപണവും അതുമായിബന്ധപ്പെട്ട സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമാണെന്നു് കരുതപ്പെടുന്നു. ആലുവ തൃക്കുന്നത്ത്‌ പള്ളിയുടെവളപ്പില്‍ തന്നെയുള്ള ആലുവ തൃക്കുന്നത്ത്‌ സെമിനാരി പതിറ്റാണ്ടുകളായി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അങ്കമാലി ഭദ്രാസനആസ്ഥാനമാണു്.

സുപ്രീംകോടതി അംഗീകരിച്ച മലങ്കരസഭാഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടേണ്ട ഓര്‍ത്തഡോക്‌സ്‌ സഭവക പള്ളികള്‍ കൈയേറാനുള്ള ശ്രമത്തിന്റെ ഭാഗമായി ആലുവ തൃക്കുന്നത്ത്‌ സെമിനാരി പള്ളിവാതില്‍ തകര്‍ത്ത സംഭവത്തെ കാണണമെന്നും അക്രമികളെ ശിക്ഷിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ശ്രേഷു നിയുക്തകാതോലിക്കയും അങ്കമാലി മെത്രാപ്പോലീത്തയുമായ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

പഴയ അങ്കമാലിമേലദ്ധ്യക്ഷന്മാരുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ ജനവരി 26ന്‌ മുമ്പ്‌ സെമിനാരിയില്‍ ധൂപപ്രാര്‍ത്ഥന നടത്തുമെന്ന്‌ വിമത യാക്കോബായ വിഭാഗം പ്രാദേശിക കാതോലിക്ക ശ്രേഷു ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കോതമംഗലത്ത്‌ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭയും തമ്മില്‍ പ്രസ്‌താവനായുദ്ധം നടന്നുവരികയാണ്‌.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പഴയ അങ്കമാലിമേലദ്ധ്യക്ഷന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ നടക്കുന്ന ജനവരിയില്‍ തൃക്കുന്നത്ത്‌ സെമിനാരിയിലും പള്ളിയിലും വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭാവിഭാഗം സംഘര്‍ഷമുണ്ടാക്കുന്നതു് പതിവാണ്‌. എന്നാല്‍ ഇത്തവണ, പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ പള്ളിയുടെ വാതില്‍ തകര്‍ത്ത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നതാണെന്നു് ആരോപണമുയര്‍ന്നിട്ടുണ്ട്‌. എന്നാല്‍, പള്ളിയുടെ വാതിലിന്റെ ഒരുഭാഗം ദ്രവിച്ച്‌ അടര്‍ന്നുവീണതാവാമെന്നു് കരുതുന്നവരുണ്ടു്.
എന്നാല്‍, ഈയിടെ കോതമംഗലത്തും പിറവത്തും ഉണ്ടായ പ്രശ്‌നങ്ങള്‍ ആലുവയിലേക്കും വ്യാപിപ്പിക്കാനാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ശ്രമം എന്ന രീതിയിലാണു് വിമത യാക്കോബായ വിഭാഗം ആരോപണം നടത്തുന്നതു്. കുറച്ചു ദിവസങ്ങളായി സെമിനാരിയില്‍ ക്രിമിനലുകളെ കൊണ്ടുവന്ന്‌ താമസിപ്പിച്ചിരിക്കുന്നതായും യാക്കോബായ വിഭാഗം പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു പള്ളിയുടെ വാതില്‍ നവം9 ഞായറാഴ്‌ച പൊളിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവം മുതലാക്കി സെമിനാരി പോലീസ് കസ്റ്റഡിയില്‍ വരുത്തുവാനാണു് യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭ ശ്രമിയ്ക്കുന്നതു്.
ആലുവ സി.ഐ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം ഗൗരവമായി കാണുമെന്ന്‌ സി.ഐ. പറഞ്ഞു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.