ഈ ലേഖയില്‍‍ തിരയുക

മലങ്കര സഭയുടെ മഹാസമ്മേളനം; ലക്ഷംപേരുടെ റാലിക്ക്‌ ഒരുക്കമായി

കോട്ടയം: സഭാക്കേസിലെ സുപ്രീം കോടതി വിധി നടപ്പാക്കുക, നീതിനിഷേധം അവസാനിപ്പിക്കുക, പള്ളികയ്യേറ്റങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു് മലങ്കര ഓര്‍ത്തഡോക്സ് സഭ 16നു ബസേലിയസ് കോളജ് മൈതാനത്തു മഹാസമ്മേളനവും റാലിയും നടത്തും. മലങ്കര സഭയുടെ ശക്തിയും നീതിനിഷേധത്തില്‍ സഭാംഗങ്ങള്‍ക്കുള്ള പ്രതിഷേധവും വിളിച്ചറിയിക്കുന്ന റാലിയിലും മഹാസമ്മേളനത്തിലും ഒരു ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

നവം13 വ്യാഴാഴ്‌ച വൈകിട്ടു് 6 മണിക്ക്‌ സമ്മേളനവേദിയായ ബസേലിയസ് കോളജ് മൈതാനത്തു് നിയുക്ത പൗരസ്ത്യ കാതോലിക്കാ ശ്രേഷ്ഠ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത പതാകയുയര്‍ത്തി. പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്ന്‌ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ച കൊടിമരഘോഷയാത്രയും കോട്ടയം പഴയ സെമിനാരിയില്‍നിന്നു പതാകയുമായി വന്ന ഘോഷയാത്രയും കലക്‌ടറേറ്റില്‍ സംഗമിച്ചശേഷമാണു സമ്മേളന നഗരിയിലെത്തിയത്‌.

കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിലാണു കൊടിമരം കൊണ്ടുവന്നത്‌. കൊടിമരഘോഷയാത്ര പുതുപ്പള്ളി പള്ളിയില്‍ തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ കോട്ടയം പഴയ സെമിനാരിയില്‍നിന്നു നടത്തിയ പതാക ഘോഷയാത്ര മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. പതാക ഘോഷയാത്ര വൈദിക ട്രസ്‌റ്റി ഫാ. ഡോ. ഏബ്രഹാം കോനാട്ടും കൊടിമര ഘോഷയാത്ര സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫും നയിച്ചു. നൂറുകണക്കിന്‌ വിശ്വാസികളുടെ അകമ്പടിയോടെയാണ്‌ പതാകയും കൊടിമരവും സമ്മേളനനഗരിയിലെത്തിച്ചത്‌.

ഒരുക്കങ്ങള്‍

നാഗമ്പടം നഗരസഭാ മൈതാനത്തുനിന്നു് 16-ആം തീയതി 3 മണിയ്ക്കു് വിശ്വാസസംരക്ഷണറാലി തുടങ്ങും. അങ്കമാലി, ചെങ്ങന്നൂര്‍, ഇടുക്കി, കണ്ടനാട്‌ ഈസ്റ്റ്‌, കണ്ടനാട്‌ വെസ്റ്റ്‌, കൊച്ചി, കൊല്ലം, കോട്ടയം, കോട്ടയം സെന്‍ട്രല്‍, കുന്നംകുളം, മലബാര്‍, മാവേലിക്കര, നിരണം, സുല്‍ത്താന്‍ബത്തേരി, തുമ്പമണ്‍, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിങ്ങനെയാണ്‌ റാലിയില്‍ വിശ്വാസികള്‍ അണിനിരക്കേണ്ടത്‌. ഓരോ പള്ളിയുടെയും ബാനറിന്‌ പിന്നില്‍ വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവര്‍ സഭാ പതാകയേന്തി റാലിക്ക്‌ നേതൃത്വംനല്‍കും. റാലി, കുര്യന്‍ ഉതുപ്പ്‌ റോഡ്‌, ശാസ്‌ത്രിറോഡ്‌, ലോഗോസ്‌ കവല, കെ.കെ.റോഡ്‌വഴി ബസേലിയോസ്‌ കോളേജ്‌ മൈതാനത്ത്‌ എത്തിച്ചേരും തുടര്‍ന്നുനടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ എല്ലാ ഭദ്രാസനങ്ങളില്‍ നിന്നുമുള്ള മെത്രാപ്പോലീത്തമാരും പങ്കെടുക്കും. സഭാ സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി വിവിധ സ്ഥലങ്ങളിലായി 30 വീഡിയോ ക്യാമറകള്‍ സ്ഥാപിക്കും. സഭാവിശ്വാസികളല്ലാത്തവര്‍ റാലിയില്‍ നുഴഞ്ഞുകയറുന്നത്‌ ഒഴിവാക്കാനാണിതെന്നും സഭാനേതൃത്വം അറിയിച്ചു.

സമ്മേളന നിര്‍ദ്ദേശങ്ങളും പാര്‍ക്കിങ്‌ ക്രമീകരണവും

റാലിയില്‍ പങ്കെടുക്കാന്‍ 16-ആം തീയതി 2.30-ന്‌ സഭാവിശ്വാസികള്‍ നാഗമ്പടത്തെത്തണം. വടക്കുനിന്ന്‌ വരുന്ന വാഹനങ്ങള്‍ നാഗമ്പടം പാലത്തിനുസമീപം ആളിറക്കി ഗുഡ്‌ഷെഡ്‌റോഡ്‌, എസ്‌.എച്ച്‌.മൗണ്ട്‌, സി.ബി.എസ്‌.ഇ. സ്‌കൂള്‍ വളപ്പ്‌ എന്നിവിടങ്ങളില്‍ പാര്‍ക്ക്‌ ചെയ്യണം. തുമ്പമണ്‍ മെത്രാസനത്തില്‍നിന്നു വരുന്ന വാഹനങ്ങള്‍ പുല്ലാട്‌, വെണ്ണിക്കുളം, മല്ലപ്പള്ളി, കറുകച്ചാല്‍, പുതുപ്പള്ളിവഴി കോട്ടയം നാഗമ്പടത്ത്‌ ആളിറക്കിയതിനുശേഷം ദേവലോകം വളപ്പ്‌, ബസേലിയോസ്‌ പബ്ലിക്‌ സ്‌കൂള്‍, കൊല്ലാട്‌ റോഡ്‌ എന്നിവിടങ്ങളിലും, ഇടുക്കി മെത്രാസനത്തില്‍നിന്നുവരുന്ന വാഹനങ്ങള്‍ നാഗമ്പടത്ത്‌ ആളിറക്കിയതിനുശേഷം കെ.കെ.റോഡിലും, കൊല്ലാട്‌ റോഡിലും പാര്‍ക്ക്‌ ചെയ്യണം. കൊല്ലം മെത്രാസനത്തില്‍നിന്നു വരുന്ന വാഹനങ്ങള്‍ അടൂര്‍, ആനന്ദപ്പള്ളി, കൈപ്പട്ടൂര്‍, ഓമല്ലൂര്‍, ഇലന്തൂര്‍, കോഴഞ്ചേരി, പുല്ലാട്‌, വെണ്ണിക്കുളം, കറുകച്ചാല്‍, പുതുപ്പള്ളിവഴി നാഗമ്പടത്ത്‌ ആളിറക്കിയശേഷം കോടിമതയില്‍ പാര്‍ക്ക്‌ചെയ്യണം. ചെങ്ങന്നൂര്‍ മെത്രാസനത്തില്‍നിന്നുള്ള വാഹനങ്ങള്‍ കല്ലിശ്ശേരി, ഓതറ, ഇരവിപേരൂര്‍, മല്ലപ്പള്ളി, കറുകച്ചാല്‍, പുതുപ്പള്ളിവഴി നാഗമ്പടത്ത്‌ ആളിറക്കിയതിനുശേഷം കോടിമതയില്‍ പാര്‍ക്ക്‌ ചെയ്യണം. തിരുവന്തപുരം, നിരണം, മാവേലിക്കര മെത്രാസനങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ തിരുവല്ലയില്‍ എത്തി എം.സി. റോഡ്‌വഴി നാഗമ്പടത്തെത്തിി ആളിറക്കിയതിനുശേഷം കോടിമതയില്‍ പാര്‍ക്ക്‌ ചെയ്യണം.

സമ്മേളനത്തോടനുബന്ധിച്ചുള്ള വിശ്വാസ സംരക്ഷണറാലി നാഗമ്പടം മൈതാനിയില്‍നിന്നാരംഭിച്ച്‌ ബസേലിയോസ്‌ കോളജ്‌ ഗ്രൗണ്ടില്‍ സമാപിക്കും. പൊതുസമ്മേളനം പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ ഉദ്‌ഘാടനം ചെയ്യും. നിയുക്‌ത പൗരസ്ത്യ കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, എന്നിവര്‍ പ്രസംഗിക്കും. അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ സ്വാഗതവും അത്മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ നന്ദിയും പറയും.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.