അര്‍മേനിയന്‍ അപ്പോസ്തലിക ഓര്‍ത്തഡോക്സ് സഭയുടെ സുപ്രീം പാത്രിയര്‍ക്കീസ് പരിശുദ്ധ കരേക്കിന് രണ്ടാമന്‍ നെര്‍സിസിയന്‍ കാതോലിക്കാ ബാവ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രത്യേക ക്ഷണപ്രകാരം കേരളസര്‍ക്കാര്‍ അതിഥിയായി 2008 നവംബര്‍ 5 മുതല്‍ 8 വരെ തീയതികളില്‍ മലങ്കര സഭ സന്ദര്‍ശിച്ചു.
നവംബര്‍ 5 ബുധനാഴ്‌ച രാവിലെ 8.30ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ പരിശുദ്ധ കരേക്കിന്‍ ബാവയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മലങ്കര സഭാ നേതാക്കള്‍ സ്വീകരിച്ചു. മലങ്കര സഭയുടെ നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ്, കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അന്തോണിയോസ്, വൈദിക ട്രസ്റ്റി ഡോ. ഫാ. ജോണ്‍ എബ്രഹാം കോനാട്ട്, മലങ്കര അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, സിയാല്‍ ഡയറക്‌ടര്‍ സി.വി. ജേക്കബ് തുടങ്ങിയവരും ഭദ്രാസന സെക്രട്ടറിമാരും ആത്മീയ സംഘടനാ പ്രതിനിധികളും വൈദികരും കന്യാസ്‌ത്രീകളും അര്‍മേനിയന്‍ കാതോലിക്കയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇന്ത്യയിലെ അര്‍മേനിയന്‍ അംബാസിഡര്‍ ഡോ. അഷോട്ട് കൊച്ചേറിയന്‍ ഉള്‍പ്പെടെ 13 അംഗ സംഘമാണ് കാതോലിക്കയോടൊപ്പം സന്ദര്‍ശനത്തിന് എത്തിയത്.
മാനവരാശി നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കും
സഭകളുടെ ബന്ധം രാജ്യങ്ങളുടെ സൌഹൃദത്തിന്
.
നവംബര്‍ 6 വ്യാഴാഴ്‌ച വൈകീട്ട് 5ന് പരിശുദ്ധ കരേക്കിന് രണ്ടാമന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ പൗരസ്വീകരണം നല്‍കി . ഓര്‍ത്തഡോക്സ് സഭയും അര്‍മീനിയന്‍ സഭയും തമ്മിലുള്ള ദീര്‍ഘനാളത്തെ സൌഹൃദത്തിന്റെയും സാംസ്കാരിക, സാമൂഹിക സഹകരണത്തിന്റെയും തുടര്‍ച്ചയാണ് അര്‍മീനിയന്‍ കാതോലിക്കായുടെയും പ്രതിനിധികളുടെയും സന്ദര്‍ശനമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൗരസ്ത്യ കാതോലിക്കാ പാത്രിയര്‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ അഭിപ്രായപ്പെട്ടു. ഇരു സഭകളും തമ്മിലുള്ള ബന്ധം ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ മികച്ച മാതൃകയാണ്. ഭാരതവും അര്‍മീനിയയും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കുന്നതിന് സഭകള്‍ തമ്മിലുള്ള ബന്ധം കാരണമാകും. മനുഷ്യരാശി നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ദാരിദ്യ്രം, ആഗോള പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
പൗരസ്വീകരണത്തില്‍ വച്ചു് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവ പരിശുദ്ധ കരേക്കിന്‍ രണ്ടാമനു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് നല്‍കി ആദരിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഏറ്റവും വലിയ ആദരവായ സെന്റ് തോമസ് ബഹുമതി അത്യപൂര്‍വമായാണ് സമ്മാനിക്കുന്നതു്.
മലങ്കര സഭയുമായി അര്‍മീനിയന്‍ സഭയ്‌ക്കുള്ള ബന്ധം ദൃഢമാക്കാന്‍ തന്റെ സന്ദര്‍ശനം ഇടയാക്കിയിട്ടുണ്ടെന്ന് ബഹുമതി സ്വീകരിച്ചുകൊണ്ടു് സുപ്രീം പാത്രിയര്‍ക്കീസ് കരേക്കിന്‍ രണ്ടാമന്‍ കാതോലിക്ക പറഞ്ഞു. അര്‍മീനിയന്‍ സഭയും മലങ്കര സഭയും തമ്മിലുള്ള സൗഹൃദവും സഹകരണവും ഇരു രാജ്യങ്ങളും നേരിടുന്ന സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയപരവുമായ വെല്ലുവിളികളെ മറികടന്ന് ഒറ്റക്കെട്ടായി നീങ്ങുന്നതിനു് സഹായിക്കുമെന്ന് പരിശുദ്ധ കരേക്കിന് രണ്ടാമന്‍ പൌരസ്വീകരണത്തിനു മറുപടിയായി പറഞ്ഞു. ഇരു സഭകളും തമ്മിലുള്ള ബന്ധം മറ്റു സഭകള്‍ക്കും മാതൃകയാണ്. വിദ്യാഭ്യാസ രംഗത്തും ആതുര സേവന രംഗത്തും മലങ്കര ഓര്‍ത്തഡോക്സ് സഭ മികച്ച പ്രവര്‍ത്തനങ്ങളാണു് നടത്തുന്നത്. ഇനിയും കേരളത്തില്‍ എത്താന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോമസ് മാര്‍ അത്തനാസിയോസ് സപ്തതി സ്മാരക എന്‍ഡോവ്മെന്റ് സ്കോളര്‍ഷിപ് കരേക്കിന്‍ രണ്ടാമന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കി ഉദ്ഘാടനംചെയ്തു. സപ്തതി ആഘോഷിക്കുന്ന തോമസ് മാര്‍ അത്തനാസിയോസിനു കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കാ ഉപഹാരം നല്‍കി.
ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ്, മാര്‍ത്തോമ്മാ നവീകരണ സഭയുടെ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, സീറോ-മലബാര്‍ ക്നാനായ റോമന്‍ കത്തോലിക്കാ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സി എസ്ഐ ബിഷപ് ഡോ. തോമസ് സാമുവല്‍, ചെങ്ങന്നൂര്‍ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ്, എംഎല്‍എമാരായ കെ. സി. ജോസഫ്, ജോസഫ് എം. പുതുശേരി, വി. എന്‍. വാസവന്‍, ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, അല്‍മായ ട്രസ്റ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ്, വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. എം. പി. ജോര്‍ജ്, യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യയിലെ അര്‍മീനിയന്‍ അംബാസഡര്‍ ഡോ. അഷോഡ് കൊചറിയാന്‍, ബിഷപ്പുമാര്‍, മറ്റു പ്രതിനിധികള്‍ എന്നിവരും കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കായ്ക്ക് ഒപ്പമുണ്ടായിരുന്നു.
തോമസ് മാര്‍ അത്തനാസിയോസിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടത്തുന്ന സൊസൈറ്റി ഓഫ് സെന്റ് ബേസില്‍ മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളിലെ വിദ്യാര്‍ഥികള്‍ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ചു.
അര്‍മേനിയന്‍ സുപ്രീം കാതോലിക്ക പരിശുദ്ധ കരേക്കിന് രണ്ടാമന്‍ ബാവയ്ക്കു് പരുമലയിലും മാവേലിക്കരയിലും നവം 7-നു് സ്വീകരണം നല്‍കി. രാവിലെ 7.30നു പരുമലയില്‍ എത്തിച്ചേര്‍ന്ന ബാവാ ചെങ്ങന്നൂര്‍ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസിനോടൊപ്പം വി. കുര്‍ബാനയില്‍ പങ്കെടുത്തു. പരുമല വി. ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ കബറിങ്കല്‍ നിന്നു് സ്വീകരിയ്ക്കുന്ന വിശ്വാസത്തിന്റെ വെളിച്ചം തങ്ങളുടെ ചുറ്റുമുള്ളവര്‍ക്കു് പകരാന്‍ കഴിയണമെന്നു് വിശ്വാസികള്‍ക്കു് ആശീര്‍വാദം നല്‍കിക്കൊണ്ടു് ബാവാ ഉദ്ബോധിപ്പിച്ചു. പൗരസ്ത്യ കാതോലിക്കാ പാത്രിയര്‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായുടെ കരങ്ങള്‍ക്കു് കരുത്തുപകരാന്‍ വിശ്വാസികളുടെ പ്രാര്‍ത്ഥന ആവശ്യമാണെന്നു് പരിശുദ്ധ കരേക്കിന് രണ്ടാമന്‍ ബാവാ ഓര്‍മിപ്പിച്ചു. ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസിനും പൗലോസ് മാര്‍ മിലിത്തിയോസിനും കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കാ ബാവാ അര്‍മേനിയന്‍ സഭയുടെ ഉപഹാരമായി കുരിശുമാല അണിയിച്ചു.
രാവിലെ 10ന് പരുമല സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രിയുടെ കാന്‍സര്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ശിലാസ്ഥാപനം നടത്തി.
മാവേലിക്കരയില്‍ രാവിലെ 11.30ന് എത്തിച്ചേര്‍ന്ന കാതോലിക്കായെ പുതിയകാവ് ജംക്ഷനില്‍നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലേക്ക് ആനയിച്ചു. വികാരി ഫാ. നൈനാന്‍ ഉമ്മന്‍, സഹവികാരി ഫാ. റോയി തങ്കച്ചന്‍, ട്രസ്റ്റി ടി. തമ്പാന്‍, സെക്രട്ടറി ജി. കോശി തുണ്ടുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് കത്തീഡ്രല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കരേക്കിന്‍ രണ്ടാമന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ഓര്‍ത്തഡോക്സ് മാവേലിക്കര ഭദ്രാസന അരമനയായ തഴക്കര തെയോഭവനിലേക്കു സുപ്രീം കാതോലിക്കായെ ആനയിച്ചു. അരമന അങ്കണത്തില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ പൌലോസ് മാര്‍ പക്കോമിയോസ് അധ്യക്ഷത വഹിച്ചു.
സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം
നവം 8 ശനിയാഴ്ച പരിശുദ്ധ കരേക്കിന് രണ്ടാമന്‍ കാതോലിക്കായ്‌ക്ക് പഴയ സെമിനാരിയില്‍ വരവേല്‌പ് നല്‍കി.ബോംബേ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ പരിശുദ്ധ കരേക്കിന് രണ്ടാമന്‍ പങ്കെടുത്തു. കുര്‍ബാനയ്ക്ക് ശേഷം ചുങ്കം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍സെമിനാരിയുടെ സംഗീത വിഭാഗമായ സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ (ശ്രുതിയുടെ) പുതിയ ഡിജിറ്റല്‍ സ്റ്റുഡിയോയുടെ ഉദ്‌ഘാടനം വൈദീക സെമിനാരിയില്‍ അര്‍മീനിയന്‍ സുപ്രീം കാതോലിക്ക പരിശുദ്ധ കരേക്കിന് രണ്ടാമന്‍ നിര്‍വ്വഹിച്ചു.
സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ.കെ.എം. ജോര്‍ജ് ചടങ്ങില്‍ സംസാരിച്ചു. ശ്രുതി ഡയറക്‌ടര്‍ ഫാ. എം.പി.ജോര്‍ജ്, ഫാ. ഡോ.ജോണ്‍ പണിക്കര്‍, ഫാ.ഡോ.സാബു കുറിയാക്കോസ്, ഫാ.ഡോ.ജോണ്‍ മാത്യൂസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സഭയ്ക്കു് നേരെ നടക്കുന്ന പീഡനങ്ങള്‍ ഗൗരവത്തോടെ കാണുന്നു
ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ആശുപത്രി സ്ഥാപക പിതാക്കന്മാരായ കാലംചെയ്‌ത ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, പൗലോസ് മാര്‍ ഗ്രിഗോറിയോസ് എന്നിവരുടെ ചിത്രങ്ങള്‍ ബാവ ആശുപത്രി ചാപ്പലില്‍ അനാച്ഛാദനം ചെയ്‌തു. തുടര്‍ന്ന് നെഫ്രോളജി, യൂറോളജി വാര്‍ഡുകളും ഉദ്‌ഘാടനം നടത്തി.
അര്‍മേനിയന്‍ കാതോലിക്കാ ബാവായുടെ മടക്കം
നാലു ദിവസത്തെ കേരള സന്ദര്‍ശനം കഴിഞ്ഞു് നവംബര്‍ 8-ആം തീയതി വൈകുന്നേരം പരിശുദ്ധ കരേക്കിന് രണ്ടാമന്‍ ബാവാ നെടുമ്പാശ്ശേരിയില്‍ നിന്നു് കിങ്‌ഫിഷര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ചെന്നൈയിലേയ്ക്കു് പോയി. രണ്ടു ദിവസം ചെന്നൈയിലും തുടര്‍ന്നു് ഒരാഴ്‌ച കൊല്‍ക്കത്തയിലും അര്‍മേനിയന്‍ സമൂഹത്തിന്റെ 300-ആം വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണു് അദ്ദേഹം അര്‍മീനിയലേക്കു് മടങ്ങിയതു്.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.