ഈ ലേഖയില്‍‍ തിരയുക

2008 നവംബര്‍ 16 -ആം തീയതി ഞായറാഴ്ച കോട്ടയം ബസ്സേലിയോസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മഹാസ മ്മേളനത്തില്‍ പ. കാതോലിക്കാ ബാവാ നടത്തിയ ഉത്ഘാടന പ്രസംഗം


കര്‍ത്താവില്‍ നമ്മുടെ സഹോദരനും, പിന്‍ഗാമിയും അസിസ്റ്റന്റുമായ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് തിരുമേനി, അഭിവന്ദ്യരായ സഹോദര മെത്രാപ്പോലീത്തന്മാരേ, വൈദിക ട്രസ്റ്റി കോനാട്ട് ഡോ. ജോണ്‍സ് ഏബ്രഹാം കത്തനാര്‍, അത്മായ ട്രസ്റ്റി ശ്രീ. എം. ജി. ജോര്‍ജ് മുത്തൂറ്റ്, അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, ബഹുമാന്യരായ കോര്‍ എപ്പിസ്കോപ്പമാരേ, സ്നേഹമുള്ള വൈദികരേ, വി. മാര്‍ത്തോമ്മാ ശ്ളീഹായാല്‍, ക്രിസ്തു യേശുവില്‍ രക്ഷിതരും, വീടുക്കപ്പെട്ട ജനവുമായ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അരുമസന്താനങ്ങളായ നമ്മുടെ വാത്സല്യ മക്കളേ!

 

ഇന്നയോളമുള്ള നമ്മുടെ ജീവിതത്തില്‍ ഇത്ര വലിയൊരു ജനാവലിയെ നാം കിട്ടില്ല. വ്യക്തിപരമായി നാം ബലഹീനനെങ്കിലും, മക്കളെ, നിങ്ങ ളുടെ മഹത്തായ ഈ ശക്തിയി ലും, വിശ്വാസ ധീരതയിലും, പ. സഭയോ ടുള്ള ഭക്തിയിലും കൂറിലും, നാം അഭിമാനം കൊള്ളുകയും, അതിശക്തനെന്ന് നമ്മെത്തന്നെ നാം എണ്ണുകയും ചെയ്യുന്നു. ക്ലേശങ്ങളും ദുരിതങ്ങളും സഹിച്ച്, നമ്മുടെ ആഹ്വാനം ശിരസ്സാ വഹിച്ച് ഇവിടെ സമ്മേളിച്ച നിങ്ങളുടെ സ്നേഹത്തിലും കൂറിലും നാം അഭിമാനം പൂണ്ടു്, ഭാഗ്യവാനെന്ന് നമ്മെക്കുറിച്ച് പറയു ന്നു; ഇത് നമ്മുടെ ഭാഗ്യമല്ല. പ. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മഹാഭാഗ്യമാണ്; അതിപുരാതനമായ ഈ സഭയുടെ മഹത്വവും കിരീടവും, മക്കളേ, നിങ്ങള്‍ അല്ലാതെ മറ്റാരുമല്ല;

 

സ്വര്‍ഗ്ഗത്തിലെ ദൈവവും, മാലാഖമാരും, പരിശുദ്ധന്മാരും, ശുദ്ധിമതികളും വിശേഷാല്‍ നമ്മുടെ പിതാവായ മാര്‍ത്തോമ്മാ ശ്ളീഹായും, ഈ സഭയുടെ നിലനില്‍പ്പിനു് വേണ്ടി അക്ഷീണം അദ്ധ്വാനിച്ച അര്‍ക്കദിയാക്കോന്മാരും, മാര്‍ത്തോമ്മാമെത്രാന്മാരും, ഭാഗ്യവാന്മാരായ പ. പരുമല തിരുമേനിയും, പ. വട്ടശ്ശേരില്‍ പിതാവും, നമ്മുടെ മുന്‍ഗാമികളായി പൌരസ്ത്യ ശ്ളൈഹിക സിംഹാസനത്തെ അലങ്കരിച്ച കാതോലിക്കാമാരും, നമ്മുടെ പൂര്‍വ്വ പിതാക്കളും, മാതാക്കളും സഹോദരങ്ങളുമായ സകല വാങ്ങിപ്പോയവരും ഇപ്പോള്‍ സന്തോഷിക്കുകയാണ്.

മലങ്കര സഭയേ നീ ഭാഗ്യവതിയാകുന്നു; മാര്‍ത്തോമ്മാപൈതൃകമേ നീ ധന്യവതിയാകുന്നു; എന്തെന്നാല്‍ നിന്റെ മക്കള്‍ ധീരരും, യോഗ്യരും, വിശുദ്ധരുമാകുന്നു. കാറ്റുകള്‍ ഏറെ വീശിയിട്ടും, ഓളങ്ങള്‍ അനവധി ഉയര്‍ന്നിട്ടും, മലങ്കര സഭയേ നിന്നെ തകര്‍ക്കുവാന്‍ ആര്‍ക്കും സാധ്യമാ യില്ല; നിന്നെ തകര്‍ക്കുവാന്‍ ഒരു ശക്തിക്കും സാധ്യമല്ല; നിന്നെ ചിതറി ക്കുവാന്‍ ഒരു ശക്തിയേയും അനുവദിക്കുകയുമില്ല.

 

 വാത്സല്യ മക്കളേ,

 

വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെ ഈ പൌരാണിക സഭ നേരിട്ടിട്ടുള്ളതു പോലെ വൈദേശിക ഭീഷണികളും, പ്രതിസന്ധികളും മറ്റൊരു സഭയും ഒരു പക്ഷേ നേരിട്ടിട്ടില്ലെന്ന് നാം കരുതുന്നു. സഭയുടെ സ്വാതന്ത്യ്രവും, തദ്ദേശ്ശീയതയും കാത്തു സൂക്ഷിക്കുവാന്‍ സ്വജീവനെ ബലി കഴിച്ച വിശ്വാസധീരരായ സഭാ മക്കളും, പിതാക്കന്മാരും അനവധിയാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭ ഭാരത മണ്ണില്‍ രൂപം കൊണ്ട സ്വതന്ത്ര സഭയാണ്. യൂറോപ്പിലും അമേരിക്കയിലും ക്രിസ്തീയ സഭ രൂപം കൊള്ളുന്നതിന് എത്രയോ മുമ്പു തന്നെ ആര്‍ഷഭാരതത്തില്‍ ക്രൈസ്തവ വിശ്വാസം വിതയ്ക്കപ്പെട്ടു എന്നുള്ളത് എക്കാലവും നമുക്ക് അഭിമാനിക്കാ വുന്ന സംഗതിയാണ്. പൌരസ്ത്യ ക്രൈസ്തവ ആദ്ധ്യാത്മീക - ആരാധനാ പൈതൃകവും, ആര്‍ഷഭാരതീയ സംസ്കൃതിയും സമജ്ഞസമായി ഇതു പോലെ സമ്മേളിച്ച മറ്റൊരു ക്രൈസ്തവ സമൂഹം ഭാരതത്തിലില്ലെന്ന് ധൈര്യപൂര്‍വ്വം പറയുവാന്‍ നമുക്ക് സാധിക്കും. ചരിത്രപ്രസിദ്ധമായ 1653 - ലെ കൂനന്‍ കുരി ശു സത്യത്തിലൂടെ അരക്കിട്ടുറപ്പിച്ച സ്വാതന്ത്യ്രം ഒരു വൈദേശീക ശക്തിക്കും അടിയറവയ്ക്കുകയില്ലെന്ന് ഈ ജനാവലിയെ സാക്ഷി നിര്‍ത്തി നാം വീണ്ടും പ്രഖ്യാപിക്കുന്നു.

 

വാത്സല്യമുള്ളവരേ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചരിത്ര പരമായ വളര്‍ച്ചയുടെ ഓരോ കാലഘട്ടത്തിലും ആത്മീകവും ഭൌതീകവുമായ പരമാധികാരം ഈ സഭയുടെ അതാതു കാലഘട്ടത്തിലെ പിതാക്കന്മാരുടെ കരങ്ങളില്‍ തന്നെയായിരുന്നു. ജാതിക്കു കര്‍ത്ത്യ വ്യ നും’, ‘അര്‍ക്കദിയാക്കോനും’, ‘മാര്‍ത്തോമ്മാ മെത്രാ നും’, ‘മലങ്കര മെത്രാ പ്പോലീത്തായും’, ‘പൌരസ്ത്യ കാതോലിക്കായുംചരി ത്ര പ ര മായ ഈ സഭയുടെ വളര്‍ച്ചയിലെ സുപ്രധാന സ്ഥാനികളായിരുന്നു. 1912 - ല്‍ കാതോലിക്കേറ്റ് സ്ഥാപിക്കപ്പെ ടു കയും, 1934 - ല്‍ അതിശക്തമായ ഒരു ഭരണഘടന നിര്‍മ്മിക്കപ്പെട്ട് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തതു വഴി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തദ്ദേശീയ സ്വാഭാവവും, സ്വാതന്ത്യ്രവും, സ്വയംശീര്‍ഷകത്വവും തകര്‍ക്കുവാന്‍ കഴിയാത്ത കോട്ടകള്‍ പോലെയായി. ഭാരതത്തിലെ പരമോന്നത നീതിപീഠമായ ബ. സുപ്രീം കോടതിയുടെ സുപ്രസിദ്ധമായ 1995 - ലെ വിധിയിലൂടെ പൌരസ്ത്യ കാതോലിക്കേറ്റ് ആര്‍ക്കും ചോദ്യം ചെയ്യപ്പെടുവാന്‍ സാധിക്കാത്ത അധികാര കേന്ദ്രമായിത്തീര്‍ന്നു. 1934 - ലെ മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭരണ ഘടന മലങ്കര സഭയിലെ എല്ലാ ഇടവക കള്‍ക്കും, എല്ലാ ദേവാലയങ്ങള്‍ക്കുമുള്ള നിയമസംഹിതയായിത്തീര്‍ന്നു. പൌരസ്ത്യ കാതോലിക്കേറ്റ് പങ്കുവയ്ക്കപ്പെടാവുന്ന അധികാരകേന്ദ്രമല്ല; അലക്സാന്ത്രിയാ യിലെ സിംഹാസനവും റോമിലെ സിംഹാസനവും അന്ത്യോഖ്യായിലെ സിംഹാസനവും ക്രൈ സ്തവസഭയിലെ മറ്റേതു പൌരാണിക സിംഹാസനവും പോലെ സ്വതന്ത്രവും വിശുദ്ധവുമായ അധികാര കേന്ദ്രമാണ് പൌ രസ്ത്യ കാതോലിക്കേറ്റ്; പൌരസ്ത്യ കാതോലിക്കായുടെ മുകളില്‍ സര്‍വ്വശക്തനായ ദൈവം തമ്പുരാനല്ലാതെ മറ്റൊരു അധികാര സ്ഥാനിയില്ല; മറ്റൊരു സ്ഥാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാതോലിക്കാ പൌരസ്ത്യ കാതോലിക്കായല്ല; പൌരസ്ത്യ കാതോ ലിക്കാ ഇവിടെ ഒന്നേയുള്ളൂ; മാര്‍ത്തോമ്മായുടെ ശ്ളൈഹിക സിംഹാസനത്തിന്റെ ഏകവും പൂര്‍ണ്ണവുമായ കാതോലിക്കാ. ദൈവേഷ്ഠത്താല്‍ ബലഹീനനായ നാം ഇപ്പോള്‍ ആ സിംഹാസനത്തിന്റെ ഒരേ യൊരവകാശിയായി പ. സഭയെ ശുശ്രൂഷിക്കുന്നു. എപ്പിസ്കോപ്പസിയും, ജനാധിപത്യവും ഇതു പോലെ സമ്മേളിക്കുന്ന ഈ സഭയെ തളര്‍ത്തുവാന്‍ ഒരു ശക്തിക്കും ഒരു നാളും സാധ്യമല്ല.

 

വാത്സല്യ മക്കളെ, മലങ്കര സഭ എക്കാലവും സമാധാനം പിന്‍തുടര്‍ന്ന സഭയാണ്; ഈ സഭ ഒരുനാളും കപട ആത്മീകതയും, അക്രമ മാര്‍ഗ്ഗവും സ്വീകരിച്ചിട്ടി ല്ല. മാനുഷീകമായ തര്‍ക്കങ്ങളും, ഭിന്നതകളും ഉടലെടുത്തപ്പോഴൊക്കെ രാഷ്ട്രത്തിന്റെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം നീതി പീഠ ങ്ങളെ സമീപിക്കുകയും, നീതിപീഠങ്ങള്‍ നല്‍കിയ വിധി തീര്‍പ്പുകളെ ശിരസ്സാവഹിക്കുകയും ചെയ്തിരുന്നു. അതി മഹത്തായ ജനാധിപത്യവ്യവസ്ഥിതിയും, നിയമവാഴ്ചയും നില നില്‍ക്കുന്ന ഭാരതത്തിലെ അതി പുരാതനവും, പൂര്‍ണ്ണ സ്വാതന്ത്യ്രമുള്ളതുമായ മലങ്കര ഓര്‍ത്തഡോക്സ് സഭ ഇന്നുവരെയും ബ. കോടതികളുടെ തീര്‍പ്പുകളെ ധിക്കരിച്ചിട്ടില്ല. പൂര്‍ണ്ണമായും തദ്ദേശ്ശീയമയ ഈ സഭയ്ക്ക് അതിന് കഴിയുകയുമില്ല. എന്നാല്‍ മക്ക ളേ, നിര്‍ഭാഗ്യവശാല്‍ നിയമവ്യവസ്ഥിതി നടപ്പിലാക്കുവാന്‍ ബാധ്യതയുള്ള ഭരണകൂടങ്ങള്‍ അതിന് തയ്യാറാവുന്നില്ലെ ന്നുള്ളത് ഖേദകരമായ സംഗതിയാണ്. സ്വാതന്ത്ര ഭാരതത്തിന്റെ അഖണ്ഡതയ്ക്കും കെട്ടുറപ്പിനും ഇത് ഭീഷണിയാണെന്ന് നാം കരുതുന്നു. എങ്കിലും സഭയ്ക്ക് അര്‍ഹമായ നീതി നടപ്പിലാക്കി കിട്ടും എന്ന് നാം പ്രതീക്ഷിക്കുന്നു.

 

വാത്സല്യമക്കളേ, നമ്മുടെ വാക്കുകള്‍ നാം ഉപസംഹരിക്കുകയാണ്; അച്ചടക്കത്തോടെ ഈ മഹാസമ്മേളനത്തിന്റെ പൂര്‍ണ്ണ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം സഹകരിക്കണം; സമ്മേളനാന്തരം ശാന്തമായി നിങ്ങളുടെ ദേശങ്ങളിലേക്ക് നിങ്ങള്‍ മടങ്ങണം. മലങ്കര സഭയുടെ യശസ്സിന് കോട്ടം വരുത്തുന്ന യാതൊന്നും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്; നമ്മുടെ വാര്‍ദ്ധക്യത്തിലെ സന്തോഷവും അഭിമാനവും നിങ്ങള്‍ ഓരോരുത്തരുമാണ്; ദൈവമുമ്പാകെയുള്ള കണ്ണുനീരോടുകൂടിയ പ്രാര്‍ത്ഥനയല്ലാതെ, മക്കളേ, നിങ്ങള്‍ക്ക് തരുവാന്‍ നമുക്ക് മറ്റൊന്നും ഇല്ല; ഇതുപോലൊരു മഹാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഇനി നമുക്ക് സാധിക്കുമെന്ന് കരുതുന്നില്ല; നാം സന്തോഷവാനാണ്; മക്കളെ, ജീവനെക്കാള്‍ കൂടുതല്‍ പ. സഭയെ നിങ്ങള്‍ സ്നേഹിക്കണം; നമ്മുടെ പിന്‍ഗാമിയും അസിസ്റ്റന്റു മായി നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന പൌലോസ് മാര്‍ മിലിത്തിയോസ് പിതാവിന് നമുക്കെന്നതു പോലെ, പൂര്‍ണ്ണപിന്തുണ നിങ്ങള്‍ ഓരോരുത്തരും നല്‍കണം; നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരെയും, നമ്മുടെ പ്രിയപ്പെട്ട വൈദികരെയും, സന്യസ്ഥരെയും നിങ്ങള്‍ സ്നേഹിക്കുകയും ആദരിക്കുകയും വേണം.

 

സ്വര്‍ഗ്ഗത്തിലെ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ

 

സര്‍വ്വ ശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളോടു കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ!

 

ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍‍‍‍‍

.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.