കോട്ടയം: സഭാപ്രശ്‌നത്തില്‍ സുപ്രിംകോടതിവിധി നടപ്പാക്കാത്തതിലും നീതി നിഷേധത്തിലും പ്രതിഷേധിച്ചു് നവംബര്‍ 16-ആം തീയതി കോട്ടയത്തു് മലങ്കര ഓര്‍ത്തഡോക്‌സ് സഭ മഹാസമ്മേളനം നടത്തി. വിശ്വാസത്തിന്റെ കരുത്ത് വിളംബരം ചെയ്തുകൊണ്ടു് നടന്ന ഓര്‍ത്തഡോക്സ് സഭയുടെ മഹാസമ്മേളനത്തിലും റാലിയിലും
ഒരു ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞാണ് റാലി തുടങ്ങിയതെങ്കിലും രാവിലെ മുതല്‍ വിശ്വാസികള്‍ നിലയ്ക്കാത്ത പ്രവാഹമായി കോട്ടയം നഗരത്തിലേക്കൊഴുകുകയായിരുന്നു. നാഗമ്പടം മൈതാനിയില്‍ ഒത്തുചേര്‍ന്ന് റാലിയായി ഉച്ചകഴിഞ്ഞ് 2.30ന് സമ്മേളനം നടക്കുന്ന സെന്റ് തോമസ് നഗറിലേക്കു് (ബസേലിയോസ് കോളജ് മൈതാനം) നീങ്ങി.ഓര്‍ത്തഡോക്സ് സഭയുടെ കൂറ്റന്‍ ബാനറിനു പിന്നില്‍ അണിനിരന്ന മെത്രാപ്പൊലീത്തമാരും സഭാസ്ഥാനികളും റാലിക്കു നേതൃത്വം നല്‍കി. ഭദ്രാസനങ്ങളുടെയും പള്ളികളുടെയും ബാനറുകള്‍ക്കുകീഴെ പതിനായിരങ്ങള്‍ ഒഴുകി. മലങ്കര സഭയുടെ മഞ്ഞപ്പതാക നഗരമെങ്ങും പാറിക്കളിച്ചു.
ഏറ്റവും മുന്നില്‍ വിളംബരവാഹനം. അതിനുപിന്നില്‍ വാദ്യമേളം. തുടര്‍ന്ന് മുന്‍നിരയിലായി നിയുക്ത കാതോലിക്ക, മെത്രാപ്പോലീത്തമാര്‍, സഭാസ്ഥാനികള്‍ എന്നിവര്‍ നിരന്നു. അവര്‍ക്കുപിന്നില്‍ നിയുക്ത മെത്രാന്മാരും റമ്പാന്മാരും കാതോലിക്കേറ്റ് പതാകയേന്തിയ മാനേജിങ് കമ്മിറ്റിയംഗങ്ങളും തുടര്‍ന്ന് മുത്തുക്കുടകള്‍ പിടിച്ച് സെമിനാരിവിദ്യാര്‍ഥികളും കന്യാസ്‌ത്രീകളും. അങ്കമാലി, ചെങ്ങന്നൂര്‍, ഇടുക്കി, കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, കൊച്ചി, കൊല്ലം, കോട്ടയം, കോട്ടയം സെന്‍ട്രല്‍, കുന്നംകുളം, മലബാര്‍, മാവേലിക്കര, നിരണം, സുല്‍ത്താന്‍ ബത്തേരി, തുമ്പമണ്‍, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ഭദ്രാസനങ്ങളിലെ പള്ളികളില്‍നിന്നുള്ള വിശ്വാസികള്‍ അതിനുശേഷമാണ് അണിചേര്‍ന്നത്. അതത് വികാരിമാര്‍ അവര്‍ക്കു് നേതൃത്വം നല്‍കി. വാദ്യമേളങ്ങളും കലാരൂപങ്ങളും ബലൂണും പൂക്കളുമെല്ലാം റാലിയെ അലങ്കരിച്ചു.
അടുത്തകാലത്ത് നഗരംകണ്ട ഏറ്റവും വലിയ പ്രകടനമായിരുന്നു അത്. ഓര്‍ത്തഡോക്‌സ് സഭയുടെ മൂല്യങ്ങളെ ചോദ്യംചെയ്യുന്നവര്‍ക്കും നീതി നടപ്പാക്കാത്ത സര്‍ക്കാരിനും താക്കീതാണ് ഈ റാലിയെന്ന് വിശ്വാസികള്‍ വിളിച്ചുപറഞ്ഞു.
പള്ളികള്‍ക്കു നേരെയുള്ള കടന്നാക്രമണം അനുവദിക്കില്ലെന്ന് വിശ്വാസികള്‍ മുദ്രാവാക്യങ്ങളിലൂടെ മുന്നറിയിപ്പു നല്‍കി. കോടതി വിധി നടപ്പാക്കുന്നതിലും സഭയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും വീഴ്ചവരുത്തുന്ന സര്‍ക്കാരിനെതിരെയും സഭാസമ്മേളനത്തിനു നെഹ്റു സ്റ്റേഡിയം വിട്ടുകൊടുക്കേണ്ടെന്നു നിലപാടെടുത്ത കോട്ടയം നഗരസഭയ്ക്കെതിരെയും ജനക്കൂട്ടം ശബ്ദമുയര്‍ത്തി. കൂനന്‍കുരിശിന്‍സത്യത്തെ കൂറോടെ വീണ്ടും ഉയര്‍ത്തുന്ന തങ്ങള്‍ക്ക് അന്ത്യോഖ്യായുടെ മേല്‍ക്കോയ്‌മ ആവശ്യമില്ലെന്ന മുദ്രാവാക്യം വിശ്വാസികള്‍ മുഴക്കി.
നീതിന്യായവ്യവസ്ഥകളെ ചവിട്ടിയരയ്‌ക്കുന്ന ശക്തികളെ നിയമത്തിന്റെ വരുതിക്കു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാതോലിക്കാബാവയ്‌ക്കും നിയുക്ത കാതോലിക്കാബാവയ്‌ക്കും വിശ്വാസികള്‍ അഭിവാദ്യം ചൊരിഞ്ഞു.
തയ്യാറാക്കിനല്‍കിയ മുദ്രാവാക്യമേ റാലിയില്‍ ഉപയോഗിക്കാന്‍പാടുള്ളൂ എന്ന് സഭാനേതൃത്വം നിര്‍ദേശിച്ചിരുന്നു.
റാലിയുടെ മുന്‍നി രകള്‍, റെയില്‍വേസ്റ്റേഷന്‍, കളക്ടറേറ്റ് ജങ്‌ഷന്‍വഴി സമ്മേളനവേദിയായ ബസേലിയോസ് കോളേജ് മൈതാനത്തെ ത്തിയപ്പോള്‍ (സെന്റ്‌തോമസ് നഗര്‍) തുടങ്ങിയ സമ്മേളനം രണ്ടു മണിക്കൂര്‍ പിന്നിടുമ്പോഴും അവസാന നിര നാഗമ്പടത്തുനിന്നു ചലിക്കാന്‍ തുടങ്ങിയിരുന്നില്ല. ആരംഭസ്ഥാനത്ത് പതിനായിരങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു. പ്രശ്‌നക്കാര്‍ നുഴഞ്ഞുകയറുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ റാലി പോകുന്ന വിവിധ സ്ഥലങ്ങളില്‍ വീഡിയോ ക്യാമറ സ്ഥാപിച്ചിരുന്നു
ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസ്യോസ്, ഡോ. തോമസ് മാര്‍ അത്തനാസ്യോസ്, വൈദികട്രസ്റ്റി ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, റവ. ഫാ.മത്തായി ഇടവനാല്‍, പ്രിയാ ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. അലക്സാണ്ടര്‍ കാരയ്‌ക്കല്‍ ഭക്തിപ്രമേയവും തോമസ് പോള്‍ റമ്പാന്‍ പ്രതിഷേധപ്രമേയവും അവതരിപ്പിച്ചു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഭാസെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് സ്വാഗതവും അല്‌മായ ട്രസ്റ്റി എം.ജി.ജോര്‍ജ് മുത്തൂറ്റ് നന്ദിയും പറഞ്ഞു.
നീതി നടപ്പാക്കാന്‍ തയ്യാറാവാത്തത് അഖണ്ഡതയ്‌ക്ക് ഭീഷണി
മലങ്കര സഭയുടെ സ്വാതന്ത്യ്രം ഒരു വിദേശ ശക്തിക്കും അടിയറവയ്ക്കില്ലെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ പറഞ്ഞു. പൌരസ്ത്യ കാതോലിക്കേറ്റ് പങ്കുവയ്ക്കപ്പെടാവുന്ന അധികാരകേന്ദ്രമല്ല. പൌരസ്ത്യ കാതോലിക്കയുടെ മുകളില്‍ ദൈവമല്ലാതെ മറ്റാരുമില്ല. ഇത് ആര്‍ക്കും അടിയറ വയ്ക്കാവുന്നതല്ല. എപ്പിസ്കോപ്പസിയും ജനാധിപത്യവും സമ്മേളിക്കുന്ന സഭയെ തളര്‍ത്താന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. ഓര്‍ത്തഡോക്സ് സഭ എന്നും കോടതി വിധികളെ അംഗീകരിച്ചിട്ടുണ്ട്. ഒരു കോടതി തീര്‍പ്പുകളെയും ധിക്കരിച്ചിട്ടില്ല. എന്നാല്‍, നിയമവ്യവസ്ഥിതി നടപ്പിലാക്കാന്‍ ബാധ്യതയുള്ള ഭരണകൂടം അതിനു തയാറാകാത്തതു ഖേദകരമാണ്. രാജ്യത്തിന്റെ കെട്ടുറപ്പിനു തന്നെ ഭീഷണിയാണ് ഈ നിലപാട്. സഭയ്ക്ക് അര്‍ഹമായ നീതി നടപ്പാക്കി കിട്ടുമെന്നാണു പ്രതീക്ഷയെന്നു പരിശുദ്ധ ബാവാ പറഞ്ഞു.
നിയമവ്യവസ്ഥിതി നടപ്പിലാക്കാന്‍ ബാധ്യതയുള്ള ഭരണനേതൃത്വം അതിന് തയ്യാറാവാത്തത് ഖേദകരമാണെന്നും ഇത് സ്വതന്ത്രഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും കെട്ടുറപ്പിനും ഭീഷണിയാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ അഭിപ്രായപ്പെട്ടു. നീതിനിഷേധം തുടരുകയാണ്. എങ്കിലും മലങ്കര സഭയ്‌ക്ക് അര്‍ഹമായ നീതി നടപ്പാക്കിക്കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലങ്കരസഭ നേരിട്ടിട്ടുള്ളതുപോലെ വൈദേശിക ഭീഷണികളും പ്രതിസന്ധികളും മറ്റൊരു സഭയും നേരിട്ടിട്ടില്ലെന്നുവേണം കരുതാന്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഭാരതമണ്ണില്‍ രൂപംകൊണ്ട സ്വതന്ത്രസഭയാണ്. 1653 -ലെ കൂനന്‍ കുരിശുസത്യത്തിലൂടെ അരക്കിട്ടുറപ്പിച്ച സ്വാതന്ത്ര്യം ഒരു വൈദേശിക ശക്തിക്കും അടിയറവയ്‌ക്കാനാവില്ല'- കാതോലിക്കാബാവ പറഞ്ഞു.
നിയുക്ത കാതോലിക്ക
മലങ്കര സഭയെ ചവിട്ടിമെതിക്കാന്‍ യാക്കോബായ സഭയേയോ സര്‍ക്കാരിനെയോ അനുവദിക്കില്ലെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് പറഞ്ഞു. മലങ്കര സഭയുടെ ഉടമസ്ഥത പിടിച്ചെടുക്കാന്‍ ഒരു വിദേശ ശക്തിയെയും അനുവദിക്കില്ല. ഏതു പീഡനം അനുഭവിക്കേണ്ടി വന്നാലും സ്വത്തുക്കള്‍ വിട്ടുകൊടുക്കുകയോ പള്ളികള്‍ കവര്‍ച്ച ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭരണനേതൃത്വം മലങ്കരസഭയുടെ ശക്തി തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സംശയമാണെന്ന് പൗലോസ് മാര്‍മിലിത്തിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. മലങ്കര സഭയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സഭാവിശ്വാസികള്‍ക്ക് അറിയാം. നീതി നിഷേധത്തിനെതിരെ സഭ ഒന്നടങ്കം ശക്തമായിരംഗത്ത് വരുമെന്ന് തെളിയിക്കുന്നതാണ് ഈ സമ്മേളനം. മലങ്കര സഭയുടെ പള്ളികള്‍ പിടിച്ചെടുക്കാനോ, കയ്യടക്കാനോ ആരെയും അനുവദിക്കില്ല. മലങ്കര സഭയെ ചവിട്ടിമെതിക്കാമെന്ന് യാക്കോബായസഭയോ, സംസ്ഥാന സര്‍ക്കാരോ ധരിക്കുന്നുണ്ടെങ്കില്‍ ആ ധാരണ തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലങ്കരസഭയ്‌ക്ക് ഒരു സര്‍ക്കാരിന്റെയും ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സഭയുടെ മാനം രക്ഷിക്കാന്‍ വിശ്വാസികള്‍ക്കറിയാം. ഇതേപോലെയുള്ള ലക്ഷങ്ങളെ ഇനിയും അണിനിരത്താന്‍ സര്‍ക്കാര്‍ സഭയെ നിര്‍ബന്ധിതരാക്കല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാരിനെതിരെയുള്ള വികാരമല്ല, മറിച്ച് സഭയോടുള്ള നീതി നിഷേധത്തിനെതിരെയുള്ള പ്രതിഷേധപ്രകടനമാണിതെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. ഭരണ സ്വാധീനവും പോലീസിന്റെ പിന്‍ബലവും ഉപയോഗിച്ച് യുവാക്കളില്‍ അക്രമവാസന വളര്‍ത്തിയും സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാമെന്ന് മോഹിക്കുന്നെങ്കില്‍ അത് നടപ്പില്ല. കോടതിവിധികള്‍ ലംഘിക്കുന്നവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനെയാണ് മലങ്കര സഭ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭാധ്യക്ഷന്‍ വിളിച്ചാല്‍ ഏതുനേരത്തും സ്ഥലത്തും വിശ്വാസികള്‍ എത്തുമെന്നും അവര്‍ പ്രതികരണശേഷിയുള്ളവരാണെന്നും കാട്ടിക്കൊടുക്കുകയായിരുന്നു റാലിയുടെ ഉദ്ദേശ്യം അദ്ദേഹം പറഞ്ഞു.
ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത
നിയമവ്യവസ്ഥിതി നടപ്പിലാക്കാന്‍ ബാധ്യതയുള്ള ഭരണനേതൃത്വം അതിന് തയ്യാറാവാത്തത് ഖേദകരമാണെന്നും നീതിനിഷേധത്തിനെതിരെയുള്ള പ്രതിഷേധപ്രകടനമാണിതെന്നും കണ്ടനാടു്- കിഴക്കു് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.
ഡോ. ജോര്‍ജ് ജോസഫ്
ഓര്‍ത്തഡോക്‌സ് സഭയുടെ അധീനതയിലുള്ള തൃക്കുന്നത്ത് സെമിനാരിയില്‍ പ്രവേശിക്കാന്‍ യാക്കോബായ വിഭാഗം ഒരുമ്പെട്ടാല്‍ യാക്കോബായ വിഭാഗം നിയന്ത്രിക്കുന്ന മഞ്ഞിനിക്കര ദയറായില്‍ മലങ്കര സഭയുടെ പതാക ഉയരുമെന്ന് സ്വാഗത പ്രസംഗം നടത്തിയ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് പ്രസ്താവിച്ചു
പ്രമേയം
പരിശുദ്ധ കാതോലിക്കാ ബാവായോടും എപ്പിസ്‌കോപ്പന്‍ സുന്നഹദോസിനോടുമുള്ള ഭക്തി പ്രമേയം ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ഇതിനുശേഷം സഭാ നേതൃത്വത്തോട് കൂറും വിശ്വാസ്യതയും പുലര്‍ത്തുന്നുവെന്ന പ്രതിജ്‌ഞയും വിശ്വാസികള്‍ എടുത്തു.സഭയുടെ സ്വാതന്ത്യ്രത്തിനും അഖണ്ഡതയ്ക്കും എതിരു നില്‍ക്കുന്ന സ്വദേശീയവും വിദേശീയവുമായ ഏത് പ്രതിലോമ ശക്തികളെയും തകര്‍ത്തെറിയുമെന്നും കാതോലിക്കാ സിംഹാസനത്തെ കണ്ണിലെ കൃഷ്ണമണിപോലെ ജീവന്‍ കൊടുത്തും പരിരക്ഷിക്കുമെന്നും ഉള്ള പ്രതിജ്ഞ സമ്മേളനത്തില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ പരസ്പരം കൈകോര്‍ത്ത് ഏറ്റുചൊല്ലി. എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
സഭയുടെ ഉടമസ്ഥതയിലും ഉപയോഗത്തിലുമുള്ള ദേവാലയങ്ങളും മറ്റു സ്ഥാപനങ്ങളും അക്രമമാര്‍ഗത്തിലൂടെ കൈവശപ്പെടുത്തുകയും വൈദികരെയും വിശ്വാസികളെയും മര്‍ദിക്കുകയും ചെയ്തതിലും അതു ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത അധികാരികളുടെ നിഷ്ക്രിയതയിലും പ്രതിഷേധിച്ചു കൊണ്ടുള്ള പ്രമേയം തോമസ് പോള്‍ റമ്പാന്‍ അവതരിപ്പിച്ചു. വിഘടിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാതെ നിഷ്‌ക്രിയത്വം അവലംബിക്കുന്ന അധികാരികളുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉടമസ്‌ഥതയിലും ഉപയോഗത്തിലും നിലനിന്നുവരുന്നതും സഭയുടെ പൈതൃകത്തിന്റെ പ്രതീകങ്ങളുമായ പുരാതന ദേവാലയങ്ങളും മറ്റ് സ്‌ഥാപനങ്ങളും അക്രമ മാര്‍ഗത്തിലൂടെ കൈവശപ്പെടുത്തുകയും വൈദികരെയും വിശ്വാസികളെയും അതിക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്ന വിഘടിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രമേയം പ്രതിഷേധിച്ചു.
ഫാ. എം.പി ജോര്‍ജ് പ്രാര്‍ഥനാ ഗാനം ആലപിച്ചു. ശ്രുതി ഗായക സംഘം കാതോലിക്കാ മംഗള ഗാനം പാടി.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.