ഈ ലേഖയില്‍‍ തിരയുക

തൃക്കുന്നത്ത്‌ സെമിനാരി പ്രശ്‌നം: ഇടതു സര്‍ക്കാര്‍ പക്ഷഭേദം കാണിക്കുന്നു- പൗലോസ്‌ മാര്‍ മിലിത്തിയോസ്‌

പെരുമ്പാവൂര്‍, 2008 ഡി 5: ആലുവ തൃക്കുന്നത്ത്‌ സെമിനാരി പ്രശ്‌നത്തില്‍ ഇടതുസര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ  നിയുക്ത കാതോലിക്കയും അങ്കമാലി ഭദ്രാസനാധിപനുമായ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി. പെരുമ്പാവൂരില്‍ മലങ്കര വര്‍ഗീസ്‌ അനുസ്‌മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധികളും സ്റ്റാറ്റസ്‌കോയും കാറ്റില്‍പ്പറത്തി അന്ത്യോക്യന്‍  യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാപക്ഷത്തെ  പ്രീണിപ്പിക്കുന്ന നടപടിയാണ്‌ സര്‍ക്കാര്‍ ചെയ്‌തതെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരു സര്‍ക്കാരും ഇത്രപക്ഷപാതപരമായി പെരുമാറിയിട്ടില്ല. 

മലങ്കരസഭയില്‍ കക്ഷിഭിന്നതകള്‍ ഉണ്ടാകുന്നതിനുമുമ്പേ സ്ഥാപിച്ചതാണ്‌ തൃക്കുന്നത്ത്‌ സെമിനാരിയും പള്ളിയും. ഇത്‌ മലങ്കര സഭയുടെ പൊതുസ്വത്താണ്‌. കക്ഷിഭിന്നതകള്‍ നിലനില്‍ക്കേ 2005ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജില്ലാ കളക്ടര്‍, പോലീസ്‌ സൂപ്രണ്ട്‌ എന്നിവരുടെ സാന്നിധ്യത്തില്‍ ഇരുകക്ഷികളും ചേര്‍ന്ന്‌ ഒപ്പുവെച്ച തീരുമാനങ്ങള്‍ക്കനുസരിച്ചാണ്‌ ആലുവയില്‍ കാര്യങ്ങള്‍ നടന്നുവന്നിരുന്നത്‌. ഇതുപ്രകാരം വൈദികരെ കൂടാതെ ഭക്തജനങ്ങള്‍ക്ക്‌ പ്രാര്‍ഥിക്കാന്‍ അവസരം നല്‍കിയിരുന്നു. 

എന്നാല്‍, 2007 ജനവരി 25ന്‌ അന്ത്യോക്യന്‍  യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം കാതോലിക്കായ്‌ക്കും മറ്റ്‌ വൈദികര്‍ക്കും അവിടെ പ്രവേശിക്കുവാന്‍ ജില്ലാകളക്ടര്‍ അവസരം ഉണ്ടാക്കി കൊടുത്തു. 2008ല്‍ ഈ കടന്നുകയറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ അധികൃതര്‍ക്ക്‌ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 2008 ജനവരി 24ന്‌ ആരാധനക്കെത്തിയ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളെ പോലീസ്‌ തടഞ്ഞു. അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ മേല്‍പ്പട്ടക്കാര്‍ക്ക്‌ പ്രവേശനം അനുവദിക്കുകയും ചെയ്‌തു.


 കടുത്ത അനീതിയാണ്‌ ഓര്‍ത്തഡോക്‌സ്‌സഭ നേരിടേണ്ടിവന്നത്‌. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഇരു കക്ഷികളും ചേര്‍ന്ന്‌ ഒപ്പുവെച്ച തീരുമാനം അടിയന്തരമായി പുനഃസ്ഥാപിച്ചു കിട്ടുകയാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആവശ്യം-അദ്ദേഹം പറഞ്ഞു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.