കോലഞ്ചേരി, ഡിസംബര്‍ ൩൦: മൂവാറ്റുപുഴ ആര്‍.ഡി.ഒ.യുടെ ഉത്തരവുപ്രകാരം കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ശനിയാഴ്ച തുറന്നു.ഈയാഴ്ച ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധനക്കായുള്ള തവണയായതിനാല്‍ സഹവികാരി ഫാ. പോള്‍ മത്തായി കുര്‍ബാനയര്‍പ്പിച്ചു. വിമത യാക്കോബായവിഭാഗത്തിനും ഓര്‍ത്തഡോക്‌സ് സഭയ്ക്കും മതപരമായ ചടങ്ങുകള്‍ സമാധാനപരവും നിയമപരവുമായി നടത്താന്‍ അനുമതി നല്‍കിക്കൊണ്ടും ഹൈക്കോടതിയുടെയും അഡീഷനല്‍ ജില്ലാ കോടതിയുടെയും ഉത്തരവുകള്‍ പാലിച്ചു് തല്‍സ്‌ഥിതി നിലനിര്‍ത്തിക്കൊണ്ടും ജില്ലാ ഭരണകൂടം ഉത്തരവു് നല്കിയിരുന്നു. മെത്രാന്മാര്‍ക്കു് കുര്‍ബാനയര്‍പ്പിക്കാന്‍ അനുമതിയില്ല.
പ്രതിഷേധയോഗം ബുധനാഴ്ച
ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാര്‍ക്കു് കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നിഷേധിച്ചതിന്റെ പേരില്‍ ജനുവരി രണ്ടാം തീയതി ബുധനാഴ്ച വൈകുന്നേരം ആറുമണിയ്ക്കു് കുറിഞ്ഞിയില്‍ പ്രതിഷേധയോഗം ചേരുമെന്നു് സഹവികാരി ഫാ. പോള്‍ മത്തായി അറിയിച്ചു. പ്രതിഷേധയോഗത്തില്‍ മെത്രാപ്പോലീത്തമാരും പങ്കെടുക്കും.
കോട്ടയം: 1995-ലെ മലങ്കര സഭയെ സംബന്ധിച്ച സുപ്രീം കോടതി വിധി മാനിക്കാതെ 2002-ല്‍ സ്വയം രൂപം കൊടുത്ത
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിധിയ്ക്കു മുമ്പ് നിലവിലുണ്ടായിരുന്ന പള്ളികളില്‍ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. മലങ്കര സഭാകേസുകള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ജില്ലാ കോടതിയില്‍ കണ്യാട്ടുനിരപ്പ് ഇടവക വികാരി ഫാ. ജോണ്‍ മൂലമറ്റം നല്‍കിയിരുന്ന ഹര്‍ജിയില്‍ വാദം കേട്ട ശേഷം നല്‍കിയ അവസാന ഉത്തരവിലാണ് ജഡ്‌ജി അനില്‍കുമാര്‍ വിധി പ്രസ്‌താവിച്ചത്. ഫാ. ജോണ്‍ മൂലമറ്റം വികാരി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനെ തടസപ്പെടുത്തുന്നു എന്ന വാദം അംഗീകരിച്ചു
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങള്‍ക്കെതിരെ ശാശ്വത നിരോധന ഉത്തരവ് കോടതി നല്‍കി.
1995-ലെ കോടതി വിധി പ്രകാരം 1934-ലെ ഭരണഘടന മലങ്കര സഭയിലെ സകല പള്ളികള്‍ക്കും ബാധകമായി. ഇത് എന്നേക്കുമായി തീരുമാനമായ കാര്യമാണ്. എന്നാല്‍ മലങ്കര അസോസിയേഷന്‍ വിട്ട് പുതിയ സഭയുണ്ടാക്കിയതോടെ അതില്‍ അംഗങ്ങളായിരുന്നവര്‍ 1995-നു മുമ്പുണ്ടായിരുന്ന പള്ളികളിലെ അവകാശങ്ങള്‍ നഷ്‌ടപ്പെടുത്തി. അതുകൊണ്ടു് നിയമാനുസൃതമായി അവരോധിയ്‌ക്കപ്പെട്ട വികാരിയെ തടസപ്പെടുത്താന്‍ അവകാശമില്ല. പുതിയ സഭ സൃഷ്‌ടിക്കുന്നതിനുള്ള അവകാശം കോടതി നിഷേധിക്കുന്നില്ല. എന്നാല്‍ അവര്‍ അംഗങ്ങളായിരുന്ന പള്ളികളില്‍ അവര്‍ക്ക് അതോടെ അവകാശം നഷ്‌ടപ്പെടുന്നു. കണ്യാട്ടുനിരപ്പ് പള്ളി 1995-ന് മുമ്പ് ഉണ്ടായിരുന്ന മലങ്കര സഭയിലെ ദേവാലയമാണ്. അതുകൊണ്ടാണ് അവിടെനിന്നു പിരിഞ്ഞ് മറ്റൊരു സഭയില്‍ അംഗങ്ങളായി തീര്‍ന്ന പ്രതികള്‍ക്കു നിരോധനം നല്‍കിയിരിക്കുന്നത്.
1995-ലെ സുപ്രീം കോടതി വിധി വരെ പാത്രിയര്‍ക്കീസ് വിഭാഗത്തില്‍നിന്നിരുന്ന പള്ളിയാണ് കണ്യാട്ടുനിരപ്പ് പള്ളി. എന്നാല്‍ 1995-ലെ കോടതി വിധിയെ തുടര്‍ന്ന് 1934-ലെ ഭരണഘടന അംഗീകരിച്ചു. പള്ളിയിലെ ചില അംഗങ്ങള്‍ ഇതിനെതിരേ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതിനെ തുടര്‍ന്നാണു് വിഷയം കോടതിയിലെത്തിയത്. വാദി ഭാഗത്തിന് വേണ്ടി സീനിയര്‍ അഡ്വക്കേറ്റ് എസ്. ശ്രീകുമാര്‍ ഹാജരായി.
കടപ്പാടു്
മംഗളം ദിനപ്പത്രം , ഡിസംബര്‍ 29
കോട്ടയം: മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കി ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ കോലഞ്ചേരി, മാമ്മലശേരി, മണ്ണത്തൂര്‍, കുറുഞ്ഞി തുടങ്ങിയ സ്‌ഥലങ്ങളിലെ പള്ളികള്‍ പൂട്ടിക്കയും നുണപ്രചാരണത്തിലൂടെ പൊതുജനങ്ങളെ തെറ്റിധരിപ്പിക്കയും ചെയ്യുന്ന വിമത യാക്കോബായ വിഭാഗ നേതാക്കളുടെ ശൈലി അപലപനീയമാണെന്ന് വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പറഞ്ഞു.
കുറുഞ്ഞി പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസിനെ വഴിയില്‍ തടയുകയും പള്ളി പൂട്ടിക്കാന്‍ ഇടയാകുകയും ചെയ്‌തു. പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബിജു സ്‌റ്റീഫനെ തലയ്‌ക്ക് കമ്പിവടികൊണ്ട് അടിച്ചുവീഴ്‌ത്തി, പൊലീസുകാരെ മര്‍ദിച്ചു. കണ്യാട്ടുനിരപ്പ് പള്ളിയില്‍ വികാരി ഫാ. ജോണ്‍ മൂലമറ്റത്തെ തടയുകയും ആക്രമണം നടത്തുകയും ചെയ്‌തു.
മാമ്മലശേരി പള്ളിയില്‍ വൈദികന്റെ കാര്‍ അടിച്ചു തകര്‍ത്തു. മണ്ണത്തൂര്‍, വെട്ടിത്തറ, ഓണക്കൂര്‍ എന്നിവിടങ്ങളിലെ പള്ളികളില്‍ കോടതിവിധി അനുസരിക്കാതെയും സ്‌റ്റാറ്റസ്‌കോ ലംഘിച്ചും ഉഭയകക്ഷിധാരണകള്‍ അവഗണിച്ചും മധ്യസ്‌ഥ തീരുമാനങ്ങള്‍ക്കു വഴങ്ങാതെയും അരാജകത്വം സൃഷ്‌ടിച്ച് പള്ളികളില്‍ അനധികൃത അവകാശം സ്‌ഥാപിക്കാനുള്ള ഗൂഢതന്ത്രം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവലോകം, ഡിസംബര്‍ 22: സ്ത്രീത്വം അപമാനിക്കപ്പെടുന്ന പ്രവണത ഒരു സംസ്കൃത സമൂഹത്തിനും ചേരുന്നതല്ലെന്നും മൃഗങ്ങളെക്കാള്‍ അധഃപതിച്ച മനുഷ്യരുടെ ഹീനപ്രവൃത്തികള്‍ ജീവിതം നരകതുല്യമാക്കുകയാണെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.
ധാര്‍മിക മൂല്യങ്ങള്‍ അവഗണിച്ചുകൊണ്ടു് ഭൌതികനേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസവും ലഹരി ആസക്തിയും ഇതിനു കാരണമാകുന്നുണ്ട്. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ബോധവല്‍ക്കരണം നടത്തണം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിന് അധികൃതര്‍ നടപടി കൈകൊള്ളണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.
കോട്ടയം: കോട്ടയം ദേവലോകം അരമനചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 49-ാം ഓര്‍മയും പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 37-ാം ഓര്‍മയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 16-ാം ഓര്‍മയും സംയുക്‌തമായി ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ആചരിക്കും.
ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവായും സഭയിലെ മറ്റു മെത്രാപ്പോലീത്താമാരും നേതൃത്വം നല്‍കും.
ക്രിസ്‌മസ് ആചരണത്തിന്റെ ഭാഗമായി ഇന്നു വൈകിട്ട് സണ്‍ഡേ സ്‌കൂള്‍ ക്രിസ്‌മസ് കരോള്‍ സര്‍വീസില്‍ പ്രഫ. ചെറിയാന്‍ തോമസ് പ്രസംഗിക്കും. 25-നു മൂന്നിനു ക്രിസ്‌മസ് ശുശ്രൂഷയും തുടര്‍ന്ന് 5.30-നു വി. കുര്‍ബാനയ്‌ക്കു ശേഷം പെരുന്നാള്‍ കൊടിയേറ്റ്. 31-നു രാവിലെ ഏഴിനു ഫാ. മാത്യു വറുഗീസ് കുര്‍ബാന അര്‍പ്പിക്കും. 6.30-നു ഫാ. വര്‍ഗീസ് ലാല്‍ പ്രസംഗിക്കും.
ജനുവരി ഒന്നിനു രാവിലെ ഏഴിനു ഫാ. ഡോ. കെ.എം. ജോര്‍ജ് വി. കുര്‍ബാന അര്‍പ്പിക്കും. രണ്ടിനു രാവിലെ 7.30-നു ഫാ. കെ. മത്തായി കോര്‍ എപ്പിസ്‌കോപ്പ വി. കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് 5.30-നു കുറിച്ചിയില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കു കോടിമത പടിഞ്ഞാറേക്കര ഓഫീസ് അങ്കണത്തില്‍ സ്വീകരണവും 6.25-നു മാര്‍ ഏലിയാ കത്തീഡ്രലില്‍നിന്നു ദേവലോകത്തേക്കു പ്രദക്ഷിണവും നടക്കും. 7.45-നു ഫാ. ഡോ. റെജി മാത്യു അനുസ്‌മരണപ്രസംഗം നടത്തും. മൂന്നിനു രാവിലെ എട്ടിനു കാതോലിക്കാബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, പ്രഭാതഭക്ഷണം എന്നിവ നടക്കും.
പോത്താനിക്കാട്: ഞാറക്കാട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ വീണ്ടും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം. ഡിസംബര്‍ 23 ഞായറാഴ്ച പള്ളിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച വിമത യാക്കോബായ വിഭാഗത്തിന് നേരെ പോലീസ് ചെറിയ തോതില്‍ ലാത്തി വീശി.
പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമത യാക്കോബായ വിഭാഗം വൈദികരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പ്രധാന കവാടത്തില്‍ കൂടി പള്ളിയില്‍ കയറാന്‍ ശ്രമിച്ചത്. ഇത് പോലീസ് തടഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആരാധന നടക്കുന്ന ഈ പള്ളിയില്‍ രാവിലെ അവര്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. ഇതിനു ശേഷം വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍എത്തി തങ്ങള്‍ക്കും കുര്‍ബാന നടത്താന്‍ അനുവാദം തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഒരാഴ്ച മുമ്പ് വിമത യാക്കോബായ വിഭാഗം ഇതേ ആവശ്യമുന്നയിച്ച് പള്ളിയുടെ അടുത്തുള്ള കുരിശിന്‍ തൊട്ടിയില്‍ കുത്തിയിരുപ്പ് യജ്ഞവും നടത്തിയിരുന്നു.
കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി പൂമുഖത്ത് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, യൂഹാന്‍ മാര്‍ മിലിത്തിയോസ് എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച രാത്രി മുതല്‍ പള്ളിയുടെ പൂമുഖത്ത് നടത്തി വന്ന പ്രാര്‍ഥനാ സത്യാഗ്രഹം അവസാനിപ്പിച്ചു.
ശനിയാഴ്ച രാത്രി പത്തോടെ കുന്നത്തുനാട് തഹസില്‍ദാര്‍ പള്ളി പൂട്ടി മുദ്രവച്ചതോടെയാണ് മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടത്തിവന്ന സത്യാഗ്രഹം അവസാനിപ്പിച്ചത്. ഓര്‍ത്തഡോക്സ് സഭയ്ക്ക് നീതി നിഷേധിക്കുകയാണെന്നു് ആരോപിച്ചും മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നു് ആവശ്യപ്പെട്ടുമാണു് സത്യാഗ്രഹം നടത്തിയിരുന്നത്.
കോലഞ്ചേരി: തര്‍ക്കം രൂക്ഷമായതോടെ കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ശനിയാഴ്ച രാത്രി ആര്‍.ഡി.ഒ. ഏറ്റെടുത്ത് അടച്ചുപൂട്ടി സീല്‍ ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്തമാരെ പള്ളിയില്‍ ആരാധനയ്ക്കായി പ്രവേശിപ്പിക്കുന്നത് വിമത യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് പള്ളി ഏറ്റെടുത്ത ആര്‍ഡിഒയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു് പള്ളിയുടെ മുന്‍വശത്തു് എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ് തോമസ് പ്രഥമന്‍ കുത്തിയിരിപ്പു് യജ്ഞം നടത്തി. വിമത യാക്കോബായവിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിനു് വഴങ്ങിക്കൊണ്ടു് മൂവാറ്റുപുഴ ആര്‍ഡിഒയ്‌ക്ക് നിര്‍ദേശം നല്‍കിയ ജില്ലാ ഭരണകൂടം നിലവില്‍ നടന്നു വരുന്നതുപേലെ ഒന്നിടവിട്ട ആഴ്‌ചകളില്‍ വിമത യാക്കോബായവിഭാഗത്തിനും ഓര്‍ത്തഡോക്‌സ് സഭയ്ക്കും മാറിമാറി കുര്‍ബാനയര്‍പ്പിയ്ക്കാനുള്ള അനുമതിയോടെ ഹൈക്കോടതിയുടെയും അഡീഷനല്‍ ജില്ലാ കോടതിയുടെയും ഉത്തരവുകള്‍ പാലിച്ചു് തല്‍സ്‌ഥിതി നിലനിര്‍ത്താന്‍ ഉത്തരവിട്ടു.
ഇതോടെ ഓര്‍ത്തഡോക്‌സ് സഭ തങ്ങളുടെ ആരാധനക്കായുള്ള തവണ നഷ്ടപ്പെട്ടുവെന്നും തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് പന്തംകൊളുത്തി വെള്ളിയാഴ്‌ച രാത്രി പ്രകടനം നടത്തി. പള്ളിയില്‍ വിമത യാക്കോബായവിഭാഗത്തിന്റെ മെത്രാന്മാരെ പ്രവേശിപ്പിക്കുന്നതിന് തടസ്സമില്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മെത്രാന്മാരെ പ്രവേശിപ്പിക്കുകയില്ലെന്നുമുള്ള വിമത യാക്കോബായവിഭാഗത്തിന്റെ അവകാശവാദം അംഗീകരിയ്ക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറായില്ല. മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നുമായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം.
മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും പള്ളിക്ക് മുന്നില്‍ സത്യാഗ്രഹം തുടങ്ങുകയായിരുന്നു. ശനിയാഴ്ച സര്‍ക്കാര്‍ ഇരു വിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. ഇതോടെ, ഞായറാഴ്ച രാവിലെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മൂവാറ്റുപുഴ ആര്‍.ഡി.ഒ. പള്ളി കസ്റ്റഡിയിലെടുത്തത്.
രാത്രി 10 മണിയോടെയാണ് കുത്തുനാട് തഹസില്‍ദാര്‍ വിശ്വംഭരന്‍, പുത്തന്‍കുരിശ് സി.ഐ.യോടും സംഘത്തോടുമൊപ്പം പള്ളിയിലെത്തി പള്ളിയും അനുബന്ധ സ്‌ഥാപനങ്ങളും കസ്‌റ്റഡിയിലെടുത്തായുള്ള ആര്‍.ഡി.ഒയുടെ നോട്ടീസ് പതിപ്പിച്ച ശേഷം പള്ളി പൂട്ടി സീല്‍ ചെയ്‌തത്.
തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, യൂഹാന്‍ മാര്‍ മിലിത്തിയോസ് എന്നിവര്‍ വെള്ളിയാഴ്‌ച രാത്രി മുതല്‍ പള്ളിയുടെ പൂമുഖത്ത് നടത്തി വന്ന പ്രാര്‍ഥനാ സത്യാഗ്രഹം അവസാനിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭയോടുള്ള നീതിനിഷേധത്തിനെതിരേയാണ് പ്രാര്‍ഥനാ യജ്ഞം.
കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ശനിയാഴ്ചയും സത്യാഗ്രഹം തുടര്‍ന്നു. പള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരാധന അര്‍പ്പിക്കുവാനുള്ള അവസരം നഷ്ടമായത് തിരികെ വരുംദിവസങ്ങളില്‍ ലഭിക്കണമെന്നു് ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് സഭ വെള്ളിയാഴ്ച രാത്രി മുതല്‍ പള്ളിക്കു മുമ്പില്‍ സമരം തുടരുന്നത്.കുറിഞ്ഞി പള്ളിയില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം.
മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരും സഭാ വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട്, സഭാ ട്രസ്റ്റി ഡോ. ജോര്‍ജ് ജോസഫ് എന്നിവരും വൈദികരും വിശ്വാസികളുമടങ്ങുന്ന സംഘമാണ് സമരം തുടരുന്നത്.
വിമത യാക്കോബായ വിഭാഗത്തിന് അനുകൂലമായി ജില്ലാ ഭരണകൂടം നീങ്ങിക്കൊണ്ട് ഓര്‍ത്തഡോക്‌സ് സഭയെ പള്ളിയില്‍ നിന്നു പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി.
കോലഞ്ചേരി: സഭാതര്‍ക്കം നിലനില്‍ക്കുന്ന കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ രാത്രിയില്‍ പന്തംകൊളുത്തി പ്രകടനവുമായെത്തിപ്രാര്‍ത്ഥനാ സത്യാഗ്രഹം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രി 8 മണിയോടെ മലേക്കുരിശ് കാതോലിക്കേറ്റ് ചാപ്പലില്‍ നിന്ന് പന്തം കൊളുത്തി പ്രകടനമായി സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസികളും വൈദികരും പള്ളിയിലെത്തി കുത്തിയിരുപ്പ് സത്യാഗ്രഹം തുടങ്ങി. കുറിഞ്ഞി പള്ളിയില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം.
ശനിയാഴ്ച വൈകീട്ട് വരെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വീതമാണ്. രാത്രി വൈകിയും ജില്ലാ നേതൃത്വം ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ചര്‍ച്ച നടത്തി. എന്നാല്‍ നീതി ലഭിക്കുന്നതിനു വേണ്ടി ഉറച്ചുനില്‍ക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.
കോലഞ്ചേരി, ഡിസംബര്‍ 17: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിനു് കീഴിലുള്ള വെട്ടിത്തറ മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദീകനായ ജോബിന്‍സ് കയറി കുര്‍ബ്ബാന നടത്തിയെന്നു് വാര്‍ത്ത. സംഘര്‍ഷത്തെതുടര്‍ന്നു് കുറിഞ്ഞി പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ ഏറ്റെടുത്തതിനെ തുടര്‍ന്നാണ്, ഡിസംബര്‍ 17 തിങ്കളാഴ്ച, ഞാറക്കാട്,വെട്ടിത്തറ പള്ളികളില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദീകരായ എല്‍ദോസ് കക്കാടനും,ഫാ.ജോബിന്‍സും കയറിയത്.
വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളി ജനു 15 മുതല്‍ അടച്ചിട്ടിരിയ്ക്കുകയാണു്. വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയില്‍ റിസീവറെ നിയമിക്കണമെന്നു് ആവശ്യപെട്ടുകൊണ്ടുള്ള ഒരു ഹര്‍ജി ഈയിടെ കോടതി തള്ളിയിരുന്നു.
തിരുവനന്തപുരം: കുറിഞ്ഞിപള്ളിയില്‍ ഇരുസഭാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉദ്യോഗസ്‌ഥ സംഘത്തെക്കൂടി നിയമിയ്ക്കുമെന്നു് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ , ഡിസംബര്‍ 19നു് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഈ പ്രശ്‌നം ഉന്നയിച്ചതിനോടു് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഭാതര്‍ക്ക പരിഹാരത്തിനായി അഞ്ചു് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉപസമിതി നിലവിലുണ്ട്. ഇരുവിഭാഗങ്ങളുമായും ഉപസമിതി ചര്‍ച്ച നടത്തിയെങ്കിലും ധാരണ ഉണ്ടായില്ല. കലക്‌ടറെ ഇപ്പോള്‍ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തെ സഹായിക്കാനാണ് ഉദ്യോഗസ്‌ഥ സംഘം.
ഈ നിര്‍ദേശം ഇരുവിഭാഗങ്ങളും സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ് തോമസ് പ്രഥമന്‍ അവിടെ മൂന്നു ദിവസമായി കുത്തിയിരിപ്പു് യജ്‌ഞം നടത്തിയതു് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.
കോലഞ്ചേരി, ഡിസംബര്‍ 19: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായവിഭാഗത്തിനും ഓര്‍ത്തഡോക്‌സ് സഭയ്ക്കും മതപരമായ ചടങ്ങുകള്‍ സമാധാനപരവും നിയമപരവുമായി നടത്താന്‍ ജില്ലാ കലക്‌ടര്‍ ഡിസംബര്‍ 18 ചൊവ്വാഴ്ച രാത്രി അനുമതി നല്‍കി. ഹൈക്കോടതിയുടെയും അഡീഷനല്‍ ജില്ലാ കോടതിയുടെയും ഉത്തരവുകള്‍ പാലിച്ചു തല്‍സ്‌ഥിതി നിലനിര്‍ത്താനാണ് ഉത്തരവ്.
സ്‌ഥിതിഗതികള്‍ അവലോകനം ചെയ്‌ത് ഉചിതമായ നടപടി സ്വീകരിക്കാന്‍ മൂവാറ്റുപുഴ ആര്‍ഡിഒയ്‌ക്ക് നിര്‍ദേശവും നല്‍കി. സംഘര്‍ഷത്തെതുടര്‍ന്നു് പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ എസ്. ഷാനവാസ് ഏറ്റെടുത്തിരുന്നു. പള്ളി ഏറ്റെടുത്ത ആര്‍ഡിഒയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു് പള്ളിയുടെ മുന്‍വശത്തു് എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ് തോമസ് പ്രഥമന്‍ നടത്തിവന്ന കുത്തിയിരിപ്പു് യജ്‌ഞം കലക്‌ടറുടെ ഉത്തരവിനെ തുടര്‍ന്ന് ഡിസംബര്‍ 18 ചൊവ്വാഴ്ച രാത്രി തന്നെ അവസാനിപ്പിച്ചു.
കുറിഞ്ഞി പള്ളിയില്‍ കളക്ടറുടെ ഉത്തരവ് നടപ്പാക്കണം - ഓര്‍ത്തഡോക്‌സ് സഭ
മൂവാറ്റുപുഴ, ഡിസംബര്‍ 19: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയിലെ അന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് സത്യസന്ധമായി നടപ്പാക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പള്ളിയുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഒ.യുടെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. സമാധാന ലംഘനം ഇല്ലാതെ പള്ളിയില്‍ ആരാധന നടത്തുന്നതിന് കോടതിവിധികളുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ട് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള തല്‍സ്ഥിതി നിലനിര്‍ത്തേണ്ടതുണ്ടെന്നും ഇതിനുള്ള നടപടികള്‍ ആര്‍.ഡി.ഒ. കൈക്കൊള്ളണമെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം കാരാമേല്‍ വ്യക്തമാക്കി.
ആര്‍.ഡി.ഒ.യുടെ വിജ്ഞാപനം ലംഘിച്ച് മെത്രാപ്പോലീത്തമാരെ പള്ളിയില്‍ പ്രവേശിപ്പിച്ചവരാണ് ആര്‍.ഡി.ഒ.യുടെ അനുവാദത്തോടെ പള്ളിയിലെത്തിയ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസിനെയും മറ്റ് വൈദികരെയും തടഞ്ഞത്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധന നടത്താന്‍ അനുവദിച്ച സമയത്ത് മറുപക്ഷം പള്ളിയില്‍ പ്രവേശിച്ചതോടെയാണ് പള്ളിയും കെട്ടിടങ്ങളും ആര്‍.ഡി.ഒ. ഏറ്റെടുത്തതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കി. കളക്ടറുടെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പോത്താനിക്കാട്: ഞാറക്കാട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ ഡിസംബര്‍ 17 രാവിലെ തുടങ്ങിയ സംഘര്‍ഷം വൈകുന്നേരത്തോടെ ശാന്തമായി. ഓര്‍ത്തഡോക്സ് സഭ ഭരണം നടത്തുന്ന ഇവിടെ ഡിസംബര്‍ 17 തിങ്കളാഴ്ച വിമത യാക്കോബായ വിഭാഗത്തില്‍പ്പെട്ട ഒരു വൈദികന്‍ പള്ളിയില്‍ പ്രവേശിച്ചു ബലിയര്‍പ്പിയ്ക്കാന്‍ ശ്രമിച്ചതിനെ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ചോദ്യം ചെയ്യാനെത്തിയതാണു് സംഘര്‍ഷത്തിനിടയായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലാണു് കലാശിച്ചത്.
മൂവാറ്റുപുഴ ഡിവൈഎസ്പി എന്‍. രമേശ്, കല്ലൂര്‍ക്കാട് സിഐ മാത്യു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തു വിന്യസിച്ചിരുന്നു. പള്ളി പരിസരത്തു തടിച്ചുകൂടിയ ഇരുവിഭാഗക്കാരേയും പ്രധാന ഗേറ്റിനു പുറത്താക്കി.
കുര്‍ബാനയര്‍പ്പിയ്ക്കാന്‍ അവസരം നല്കണമെന്നു് ആവശ്യപ്പെട്ടു്, വിമത യാക്കോബായ വിഭാഗക്കാര്‍ കുരിശുംതൊട്ടിയില്‍ വൈകുന്നേരംവരെ കുത്തിയിരുന്നു.വിമതമെത്രാന്മാരായ മാത്യൂസ് ഈവാനിയോസ്, കുര്യാക്കോസ് യൌസേബിയോസ്, മാത്യൂസ് അന്തീമോസ്, ഏലിയാസ് അത്തനാസിയോസ്, വിഭാഗം ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, വൈദീകനായ എല്‍ദോസ് കക്കാടന്‍ എന്നിവര്‍ പ്രതിഷേധത്തിനെത്തിയിരുന്നു.
വൈകുന്നേരത്തോടെ വിമത യാക്കോബായ വിഭാഗക്കാര്‍ കുരിശുംതൊട്ടിയില്‍നിന്നു പിരിയുകയായിരുന്നു. ഓര്‍ത്തഡോക്സ് സഭക്കാര്‍ രാവിലെതന്നെ പള്ളിമുറ്റത്തുനിന്നു പിരിഞ്ഞുപോയിരുന്നു.
കോലഞ്ചേരി, ഡിസം 17: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ സംഘര്‍ഷാവസ്‌ഥയ്‌ക്ക് അയവ് വന്നു. സംഘര്‍ഷത്തെതുടര്‍ന്നു് പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ എസ്. ഷാനവാസ് ഏറ്റെടുത്തിരുന്നു. മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ അനുമതിയോടെ ഡിസംബര്‍ 16 ഞായറാഴ്ച കുര്‍ബാനയര്‍പ്പിയ്ക്കാനെത്തിയ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയെ വിമത യാക്കോബായവിഭാഗം തടയാന്‍ ശ്രമിച്ചതാണു് സംഘര്‍ഷത്തിലെത്തിയതു്.
ഡിസംബര്‍ 10നും 11നും പെരുനാളിനോടനുബന്ധിച്ച് വിമത യാക്കോബായ മെത്രാന്മാര്‍ കുര്‍ബാനയര്‍പ്പിച്ചതിനെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ വീതത്തില്‍ കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയ്ക്കും ആര്‍ഡിഒ അനുമതി നല്‍കിയിരുന്നു. ഒന്നിടവിട്ട ആഴ്‌ചകളില്‍ എതിര്‍ യാക്കോബായവിഭാഗവും ഓര്‍ത്തഡോക്‌സ് സഭയും മാറിമാറിയാണു് ഇവിടെ ഇപ്പോള്‍ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിയ്ക്കുന്നത്.
പള്ളി ഏറ്റെടുത്ത ആര്‍ഡിഒയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു് പള്ളിയുടെ മുന്‍വശത്തു് എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ് തോമസ് പ്രഥമന്‍ ആരംഭിച്ച കുത്തിയിരിപ്പു് യജ്‌ഞം തുടരുകയാണ്.ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു് സംഘര്‍ഷം രൂക്ഷമായതോടെയാണ് പള്ളിയുടെ നിയന്ത്രണം മുവാറ്റുപുഴ ആര്‍ഡിഒ എസ്. ഷാനവാസ് എറ്റെടുത്തത്.
ഞായറാഴ്‌ച രാത്രി വൈകി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിമുറ്റത്ത് പന്തല്‍ കെട്ടിയെങ്കിലും ആര്‍.ഡി.ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാത്രി ഓര്‍ത്തഡോക്‌സുകാര്‍ തന്നെ പൊളിച്ചുമാറ്റി. ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ ഇടപെട്ട് പള്ളിയില്‍ നിന്ന് പോലീസിനെ പൂര്‍ണമായും പിന്‍വലിച്ചിട്ടുണ്ടു്.
|
കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ്
പള്ളിയില്‍ ഇരു വിഭാഗം വിശ്വാസികള്‍ക്കു്
മധ്യത്തില്‍ പൊലീസ് നിലയുറപ്പിച്ചപ്പോള്‍ |
കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയെ വിമത യാക്കോബായവിഭാഗം തടയാന്‍ ശ്രമിച്ചതു് സംഘര്‍ഷത്തിലെത്തി. വൈകിട്ട് ആറോടെ പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ എസ്. ഷാനവാസ് ഏറ്റെടുത്തു. പൊലീസ് നടത്തിയ ബലപ്രയോഗത്തിനിടെ എതിര്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്കു് ലാത്തിയടിയേറ്റു. ഒന്നിടവിട്ട ആഴ്‌ചകളില്‍ എതിര്‍ യാക്കോബായവിഭാഗവും ഓര്‍ത്തഡോക്‌സ് സഭയും മാറിമാറിയാണു് ഇവിടെ ഇപ്പോള്‍ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിയ്ക്കുന്നത്.
ഡിസംബര്‍ 16 ഞായറാഴ്ച രാവിലെ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത എത്തിയതോടെയാണു് സംഘര്‍ഷം തുടങ്ങിയത്. കഴിഞ്ഞ 10നും 11നും പെരുനാളിനോടനുബന്ധിച്ച് വിമത യാക്കോബായവിഭാഗം മെത്രാന്മാര്‍ കുര്‍ബാനയര്‍പ്പിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 16 ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയ്ക്കു് ആര്‍ഡിഒ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മാര്‍ അത്താനാസിയോസ് പള്ളിയില്‍ പ്രവേശിക്കുന്നതിനെ എതിര്‍ യാക്കോബായ വിഭാഗം എതിര്‍ത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു് പള്ളിയിലേയ്ക്കുള്ള വഴിയില്‍ മാര്‍ അത്താനാസിയോസിനെ പൊലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം വിശ്വാസികള്‍ക്കൊപ്പം വഴിയിലിരുന്നു.
ഇതേസമയം, എതിര്‍ യാക്കോബായ വിഭാഗക്കാര്‍ പരിസരത്തു് നിലയുറപ്പിച്ചതോടെ പള്ളിയുടെ നിയന്ത്രണം ആര്‍ഡിഒ എസ്. ഷാനവാസ് താല്‍ക്കാലികമായി ഏറ്റെടുത്തു. പള്ളി പൂട്ടരുതെന്നാവശ്യപ്പെട്ടു് ബസേലിയോസ് തോമസ് പ്രഥമന്‍ , മാത്യൂസ് ഇവാനിയോസ്, ഏലിയാസ് അത്താനാസിയോസ്, മാത്യൂസ് അന്തിമോസ് എന്നിവരുടെ നേതൃത്വത്തില്‍ എതിര്‍ യാക്കോബായ വിഭാഗക്കാര്‍ പൂമുഖത്ത് ഇരുന്നു. ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് എന്നിവര്‍ പള്ളിനടയ്‌ക്കു് മുന്നിലും ഇരുന്നതോടെ പൊലീസ് ഇരുവിഭാഗത്തിനും നടുവിലായി നിലയുറപ്പിച്ചു.
ഇതിനിടയില്‍ റൂറല്‍ എസ്‌പി കെ.പി. ഫിലിപ്പിന്റെ കാറിന്റെ മുന്‍വശത്തെ ചില്ല് ഓടിന്റെ കഷണം വീണുപൊട്ടി. വൈകിട്ട് ആറോടെ പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ ഏറ്റെടുത്തതായി അറിയിച്ചു. ഇരുകൂട്ടരും പിരിഞ്ഞുപോയില്ല. മൈക്ക് പ്രവര്‍ത്തിപ്പിക്കരുതെന്ന് യാക്കോബായ വിഭാഗത്തോട് പൊലീസ് ആവശ്യപ്പെട്ടു. ബസേലിയോസ് തോമസ് പ്രഥമന്‍ സന്ധ്യാനമസ്‌കാരം ആരംഭിച്ചപ്പോള്‍ മുന്‍വശത്തു് സ്‌ഥാപിച്ചിരുന്ന സൗണ്ട് ബോക്‌സിലേക്കുള്ള വയര്‍ പൊലീസ് വിച്ഛേദിച്ചു. വീണ്ടും വയര്‍ ഘടിപ്പിക്കാന്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു.
ഇതിനിടയില്‍ ആളുകളുമായി ഉന്തുംതള്ളുമുണ്ടായതിനെത്തുടര്‍ന്നു് പൊലീസ് ലാത്തിവീശി. രാത്രിയിലും ബസേലിയോസ് തോമസ് പ്രഥമന്റെ നേതൃത്വത്തില്‍ എതിര്‍ യാക്കോബായ വിഭാഗക്കാര്‍ പള്ളി പൂമുഖത്തുണ്ടായിരുന്നു. ആര്‍ഡിഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാര്‍ പള്ളിക്കു് മുന്നില്‍നിന്നു് പിന്‍മാറി. ഐജി കെ. പത്മകുമാര്‍ രാത്രി പുത്തന്‍കുരിശ് സ്‌റ്റേഷനില്‍ എത്തിയിരുന്നു.
കൊച്ചി, ഡിസം 14, 2012: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൈവശാവകാശം ഏറ്റെടുത്ത മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ നടപടി ചോദ്യം ചെയ്‌ത ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
അതേസമയം പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സിവില്‍ കോടതിയാണ് തീര്‍പ്പാക്കേണ്ടതെന്നും ഇക്കാരണത്താല്‍ ആര്‍.ഡി.ഒ. പള്ളി ഏറ്റെടുത്ത നടപടി നിയമപരമല്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ജസ്‌റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ വ്യക്‌തമാക്കി.
പള്ളി ഏറ്റെടുക്കുകയും ചാപ്പലിന്റെ താക്കോലുകള്‍ പോലീസിനു കൈമാറുകയും ചെയ്‌ത ആര്‍.ഡി.ഒയുടെ നടപടി ചോദ്യം ചെയ്‌ത് വിമത യാക്കോബായവിഭാഗത്തിലേയ്ക്കു് കൂറുമാറിയ പള്ളി ട്രസ്‌റ്റി കെ.പി. പൈലിയും ആര്‍.ഡി.ഒയുടെ നടപടികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമാവശ്യപ്പെട്ട് വികാരി ഫാ. ഏലിയാസ് ജോണും സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. സര്‍ക്കാരിനു് വേണ്ടി അഡീഷണല്‍ ഡി.ജി.പി. ടോം ജോസ് പടിഞ്ഞാറെക്കര ഹാജരായി.
പകര്‍പ്പനുമതി വിവരം
പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.