ഈ ലേഖയില്‍‍ തിരയുക

കുറിഞ്ഞി പള്ളിയില്‍ സംഘര്‍ഷം; പൊലീസ്‌ ലാത്തി വീശി: പള്ളി പൂട്ടി

കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌
പള്ളിയില്‍ ഇരു വിഭാഗം വിശ്വാസികള്‍ക്കു്
മധ്യത്തില്‍ പൊലീസ്‌ നിലയുറപ്പിച്ചപ്പോള്‍

കോലഞ്ചേരി: കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയെ വിമത യാക്കോബായവിഭാഗം തടയാന്‍ ശ്രമിച്ചതു് സംഘര്‍ഷത്തിലെത്തി. വൈകിട്ട്‌ ആറോടെ പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ എസ്‌. ഷാനവാസ്‌ ഏറ്റെടുത്തു. പൊലീസ്‌ നടത്തിയ ബലപ്രയോഗത്തിനിടെ എതിര്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്കു് ലാത്തിയടിയേറ്റു. ഒന്നിടവിട്ട ആഴ്‌ചകളില്‍ എതിര്‍ യാക്കോബായവിഭാഗവും ഓര്‍ത്തഡോക്‌സ്‌ സഭയും മാറിമാറിയാണു് ഇവിടെ ഇപ്പോള്‍ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിയ്ക്കുന്നത്‌.

ഡിസംബര്‍ 16 ഞായറാഴ്ച രാവിലെ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത എത്തിയതോടെയാണു് സംഘര്‍ഷം തുടങ്ങിയത്‌. കഴിഞ്ഞ 10നും 11നും പെരുനാളിനോടനുബന്ധിച്ച്‌ വിമത യാക്കോബായവിഭാഗം മെത്രാന്മാര്‍ കുര്‍ബാനയര്‍പ്പിച്ചതിനെ തുടര്‍ന്ന്‌ ഡിസംബര്‍ 16 ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ്‌ മെത്രാപ്പോലീത്തയ്ക്കു് ആര്‍ഡിഒ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മാര്‍ അത്താനാസിയോസ്‌ പള്ളിയില്‍ പ്രവേശിക്കുന്നതിനെ എതിര്‍ യാക്കോബായ വിഭാഗം എതിര്‍ത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു് പള്ളിയിലേയ്ക്കുള്ള വഴിയില്‍ മാര്‍ അത്താനാസിയോസിനെ പൊലീസ്‌ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്‌ അദ്ദേഹം വിശ്വാസികള്‍ക്കൊപ്പം വഴിയിലിരുന്നു.

ഇതേസമയം, എതിര്‍ യാക്കോബായ വിഭാഗക്കാര്‍ പരിസരത്തു് നിലയുറപ്പിച്ചതോടെ പള്ളിയുടെ നിയന്ത്രണം ആര്‍ഡിഒ എസ്‌. ഷാനവാസ്‌ താല്‍ക്കാലികമായി ഏറ്റെടുത്തു. പള്ളി പൂട്ടരുതെന്നാവശ്യപ്പെട്ടു് ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ , മാത്യൂസ്‌ ഇവാനിയോസ്‌, ഏലിയാസ്‌ അത്താനാസിയോസ്‌, മാത്യൂസ്‌ അന്തിമോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ എതിര്‍ യാക്കോബായ വിഭാഗക്കാര്‍ പൂമുഖത്ത്‌ ഇരുന്നു. ഓര്‍ത്തഡോക്‌സ്‌ സഭയിലെ മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌ എന്നിവര്‍ പള്ളിനടയ്‌ക്കു് മുന്നിലും ഇരുന്നതോടെ പൊലീസ്‌ ഇരുവിഭാഗത്തിനും നടുവിലായി നിലയുറപ്പിച്ചു.

ഇതിനിടയില്‍ റൂറല്‍ എസ്‌പി കെ.പി. ഫിലിപ്പിന്റെ കാറിന്റെ മുന്‍വശത്തെ ചില്ല്‌ ഓടിന്റെ കഷണം വീണുപൊട്ടി. വൈകിട്ട്‌ ആറോടെ പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ ഏറ്റെടുത്തതായി അറിയിച്ചു. ഇരുകൂട്ടരും പിരിഞ്ഞുപോയില്ല. മൈക്ക്‌ പ്രവര്‍ത്തിപ്പിക്കരുതെന്ന്‌ യാക്കോബായ വിഭാഗത്തോട്‌ പൊലീസ്‌ ആവശ്യപ്പെട്ടു. ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ സന്ധ്യാനമസ്‌കാരം ആരംഭിച്ചപ്പോള്‍ മുന്‍വശത്തു് സ്‌ഥാപിച്ചിരുന്ന സൗണ്ട്‌ ബോക്‌സിലേക്കുള്ള വയര്‍ പൊലീസ്‌ വിച്ഛേദിച്ചു. വീണ്ടും വയര്‍ ഘടിപ്പിക്കാന്‍ നടത്തിയ ശ്രമം പൊലീസ്‌ തടഞ്ഞു.

ഇതിനിടയില്‍ ആളുകളുമായി ഉന്തുംതള്ളുമുണ്ടായതിനെത്തുടര്‍ന്നു് പൊലീസ്‌ ലാത്തിവീശി. രാത്രിയിലും ബസേലിയോസ്‌ തോമസ്‌ പ്രഥമന്റെ നേതൃത്വത്തില്‍ എതിര്‍ യാക്കോബായ വിഭാഗക്കാര്‍ പള്ളി പൂമുഖത്തുണ്ടായിരുന്നു. ആര്‍ഡിഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മെത്രാപ്പോലീത്തമാര്‍ പള്ളിക്കു് മുന്നില്‍നിന്നു് പിന്‍മാറി. ഐജി കെ. പത്മകുമാര്‍ രാത്രി പുത്തന്‍കുരിശ്‌ സ്‌റ്റേഷനില്‍ എത്തിയിരുന്നു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.