ഈ ലേഖയില്‍‍ തിരയുക

കുറിഞ്ഞി പള്ളി പൂട്ടി സീല്‍ ചെയ്തു


കോലഞ്ചേരി: തര്‍ക്കം രൂക്ഷമായതോടെ കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി ശനിയാഴ്ച രാത്രി ആര്‍.ഡി.ഒ. ഏറ്റെടുത്ത് അടച്ചുപൂട്ടി സീല്‍ ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്തമാരെ പള്ളിയില്‍ ആരാധനയ്ക്കായി പ്രവേശിപ്പിക്കുന്നത് വിമത യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് പള്ളി ഏറ്റെടുത്ത ആര്‍ഡിഒയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു് പള്ളിയുടെ മുന്‍വശത്തു് എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കുത്തിയിരിപ്പു് യജ്ഞം നടത്തി. വിമത യാക്കോബായവിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിനു് വഴങ്ങിക്കൊണ്ടു് മൂവാറ്റുപുഴ ആര്‍ഡിഒയ്‌ക്ക്‌ നിര്‍ദേശം നല്‍കിയ ജില്ലാ ഭരണകൂടം നിലവില്‍ നടന്നു വരുന്നതുപേലെ ഒന്നിടവിട്ട ആഴ്‌ചകളില്‍ വിമത യാക്കോബായവിഭാഗത്തിനും ഓര്‍ത്തഡോക്‌സ്‌ സഭയ്ക്കും മാറിമാറി കുര്‍ബാനയര്‍പ്പിയ്ക്കാനുള്ള അനുമതിയോടെ ഹൈക്കോടതിയുടെയും അഡീഷനല്‍ ജില്ലാ കോടതിയുടെയും ഉത്തരവുകള്‍ പാലിച്ചു് തല്‍സ്‌ഥിതി നിലനിര്‍ത്താന്‍ ഉത്തരവിട്ടു.

ഇതോടെ ഓര്‍ത്തഡോക്‌സ് സഭ തങ്ങളുടെ ആരാധനക്കായുള്ള തവണ നഷ്ടപ്പെട്ടുവെന്നും തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് പന്തംകൊളുത്തി വെള്ളിയാഴ്‌ച രാത്രി പ്രകടനം നടത്തി. പള്ളിയില്‍ വിമത യാക്കോബായവിഭാഗത്തിന്റെ മെത്രാന്മാരെ പ്രവേശിപ്പിക്കുന്നതിന് തടസ്സമില്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മെത്രാന്മാരെ പ്രവേശിപ്പിക്കുകയില്ലെന്നുമുള്ള വിമത യാക്കോബായവിഭാഗത്തിന്റെ അവകാശവാദം അംഗീകരിയ്ക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറായില്ല. മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നുമായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം.

മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും പള്ളിക്ക് മുന്നില്‍ സത്യാഗ്രഹം തുടങ്ങുകയായിരുന്നു. ശനിയാഴ്ച സര്‍ക്കാര്‍ ഇരു വിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. ഇതോടെ, ഞായറാഴ്ച രാവിലെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മൂവാറ്റുപുഴ ആര്‍.ഡി.ഒ. പള്ളി കസ്റ്റഡിയിലെടുത്തത്.

രാത്രി 10 മണിയോടെയാണ്‌ കുത്തുനാട്‌ തഹസില്‍ദാര്‍ വിശ്വംഭരന്‍, പുത്തന്‍കുരിശ് സി.ഐ.യോടും സംഘത്തോടുമൊപ്പം പള്ളിയിലെത്തി പള്ളിയും അനുബന്ധ സ്‌ഥാപനങ്ങളും കസ്‌റ്റഡിയിലെടുത്തായുള്ള ആര്‍.ഡി.ഒയുടെ നോട്ടീസ്‌ പതിപ്പിച്ച ശേഷം പള്ളി പൂട്ടി സീല്‍ ചെയ്‌തത്‌.

തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, യൂഹാന്‍ മാര്‍ മിലിത്തിയോസ്‌ എന്നിവര്‍ വെള്ളിയാഴ്‌ച രാത്രി മുതല്‍ പള്ളിയുടെ പൂമുഖത്ത്‌ നടത്തി വന്ന പ്രാര്‍ഥനാ സത്യാഗ്രഹം അവസാനിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭയോടുള്ള നീതിനിഷേധത്തിനെതിരേയാണ്‌ പ്രാര്‍ഥനാ യജ്‌ഞം.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.