കുറിഞ്ഞി പള്ളി- ഫോട്ടോ കടപ്പാടു് പാലാല്‍ കുടുംബം |
കോലഞ്ചേരി, ഡിസംബര്‍ 19: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായവിഭാഗത്തിനും ഓര്‍ത്തഡോക്‌സ് സഭയ്ക്കും മതപരമായ ചടങ്ങുകള്‍ സമാധാനപരവും നിയമപരവുമായി നടത്താന്‍ ജില്ലാ കലക്‌ടര്‍ ഡിസംബര്‍ 18 ചൊവ്വാഴ്ച രാത്രി അനുമതി നല്‍കി. ഹൈക്കോടതിയുടെയും അഡീഷനല്‍ ജില്ലാ കോടതിയുടെയും ഉത്തരവുകള്‍ പാലിച്ചു തല്‍സ്‌ഥിതി നിലനിര്‍ത്താനാണ് ഉത്തരവ്.
സ്‌ഥിതിഗതികള്‍ അവലോകനം ചെയ്‌ത് ഉചിതമായ നടപടി സ്വീകരിക്കാന്‍ മൂവാറ്റുപുഴ ആര്‍ഡിഒയ്‌ക്ക് നിര്‍ദേശവും നല്‍കി. സംഘര്‍ഷത്തെതുടര്‍ന്നു് പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ എസ്. ഷാനവാസ് ഏറ്റെടുത്തിരുന്നു. പള്ളി ഏറ്റെടുത്ത ആര്‍ഡിഒയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു് പള്ളിയുടെ മുന്‍വശത്തു് എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ് തോമസ് പ്രഥമന്‍ നടത്തിവന്ന കുത്തിയിരിപ്പു് യജ്‌ഞം കലക്‌ടറുടെ ഉത്തരവിനെ തുടര്‍ന്ന് ഡിസംബര്‍ 18 ചൊവ്വാഴ്ച രാത്രി തന്നെ അവസാനിപ്പിച്ചു.
കുറിഞ്ഞി പള്ളിയില്‍ കളക്ടറുടെ ഉത്തരവ് നടപ്പാക്കണം - ഓര്‍ത്തഡോക്‌സ് സഭ
മൂവാറ്റുപുഴ, ഡിസംബര്‍ 19: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയിലെ അന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് സത്യസന്ധമായി നടപ്പാക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പള്ളിയുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഒ.യുടെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. സമാധാന ലംഘനം ഇല്ലാതെ പള്ളിയില്‍ ആരാധന നടത്തുന്നതിന് കോടതിവിധികളുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ട് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള തല്‍സ്ഥിതി നിലനിര്‍ത്തേണ്ടതുണ്ടെന്നും ഇതിനുള്ള നടപടികള്‍ ആര്‍.ഡി.ഒ. കൈക്കൊള്ളണമെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം കാരാമേല്‍ വ്യക്തമാക്കി.
ആര്‍.ഡി.ഒ.യുടെ വിജ്ഞാപനം ലംഘിച്ച് മെത്രാപ്പോലീത്തമാരെ പള്ളിയില്‍ പ്രവേശിപ്പിച്ചവരാണ് ആര്‍.ഡി.ഒ.യുടെ അനുവാദത്തോടെ പള്ളിയിലെത്തിയ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസിനെയും മറ്റ് വൈദികരെയും തടഞ്ഞത്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധന നടത്താന്‍ അനുവദിച്ച സമയത്ത് മറുപക്ഷം പള്ളിയില്‍ പ്രവേശിച്ചതോടെയാണ് പള്ളിയും കെട്ടിടങ്ങളും ആര്‍.ഡി.ഒ. ഏറ്റെടുത്തതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കി. കളക്ടറുടെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.