പോത്താനിക്കാട്: ഞാറക്കാട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ ഡിസംബര്‍ 17 രാവിലെ തുടങ്ങിയ സംഘര്‍ഷം വൈകുന്നേരത്തോടെ ശാന്തമായി. ഓര്‍ത്തഡോക്സ് സഭ ഭരണം നടത്തുന്ന ഇവിടെ ഡിസംബര്‍ 17 തിങ്കളാഴ്ച വിമത യാക്കോബായ വിഭാഗത്തില്‍പ്പെട്ട ഒരു വൈദികന്‍ പള്ളിയില്‍ പ്രവേശിച്ചു ബലിയര്‍പ്പിയ്ക്കാന്‍ ശ്രമിച്ചതിനെ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ചോദ്യം ചെയ്യാനെത്തിയതാണു് സംഘര്‍ഷത്തിനിടയായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലാണു് കലാശിച്ചത്.
മൂവാറ്റുപുഴ ഡിവൈഎസ്പി എന്‍. രമേശ്, കല്ലൂര്‍ക്കാട് സിഐ മാത്യു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തു വിന്യസിച്ചിരുന്നു. പള്ളി പരിസരത്തു തടിച്ചുകൂടിയ ഇരുവിഭാഗക്കാരേയും പ്രധാന ഗേറ്റിനു പുറത്താക്കി.
കുര്‍ബാനയര്‍പ്പിയ്ക്കാന്‍ അവസരം നല്കണമെന്നു് ആവശ്യപ്പെട്ടു്, വിമത യാക്കോബായ വിഭാഗക്കാര്‍ കുരിശുംതൊട്ടിയില്‍ വൈകുന്നേരംവരെ കുത്തിയിരുന്നു.വിമതമെത്രാന്മാരായ മാത്യൂസ് ഈവാനിയോസ്, കുര്യാക്കോസ് യൌസേബിയോസ്, മാത്യൂസ് അന്തീമോസ്, ഏലിയാസ് അത്തനാസിയോസ്, വിഭാഗം ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, വൈദീകനായ എല്‍ദോസ് കക്കാടന്‍ എന്നിവര്‍ പ്രതിഷേധത്തിനെത്തിയിരുന്നു.
വൈകുന്നേരത്തോടെ വിമത യാക്കോബായ വിഭാഗക്കാര്‍ കുരിശുംതൊട്ടിയില്‍നിന്നു പിരിയുകയായിരുന്നു. ഓര്‍ത്തഡോക്സ് സഭക്കാര്‍ രാവിലെതന്നെ പള്ളിമുറ്റത്തുനിന്നു പിരിഞ്ഞുപോയിരുന്നു.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.