ഈ ലേഖയില്‍‍ തിരയുക

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങള്‍ക്ക്‌ മലങ്കര സഭയുടെ പള്ളികളില്‍ അവകാശമില്ല



കോട്ടയം: 1995-ലെ മലങ്കര സഭയെ സംബന്ധിച്ച സുപ്രീം കോടതി വിധി മാനിക്കാതെ 2002-ല്‍ സ്വയം രൂപം കൊടുത്ത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിധിയ്ക്കു മുമ്പ്‌ നിലവിലുണ്ടായിരുന്ന പള്ളികളില്‍ അവകാശമില്ലെന്ന്‌ കോടതി വ്യക്തമാക്കി. മലങ്കര സഭാകേസുകള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ജില്ലാ കോടതിയില്‍ കണ്യാട്ടുനിരപ്പ്‌ ഇടവക വികാരി ഫാ. ജോണ്‍ മൂലമറ്റം നല്‍കിയിരുന്ന ഹര്‍ജിയില്‍ വാദം കേട്ട ശേഷം നല്‍കിയ അവസാന ഉത്തരവിലാണ്‌ ജഡ്‌ജി അനില്‍കുമാര്‍ വിധി പ്രസ്‌താവിച്ചത്‌. ഫാ. ജോണ്‍ മൂലമറ്റം വികാരി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനെ തടസപ്പെടുത്തുന്നു എന്ന വാദം അംഗീകരിച്ചു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങള്‍ക്കെതിരെ ശാശ്വത നിരോധന ഉത്തരവ്‌ കോടതി നല്‍കി.

1995-ലെ കോടതി വിധി പ്രകാരം 1934-ലെ ഭരണഘടന മലങ്കര സഭയിലെ സകല പള്ളികള്‍ക്കും ബാധകമായി. ഇത്‌ എന്നേക്കുമായി തീരുമാനമായ കാര്യമാണ്‌. എന്നാല്‍ മലങ്കര അസോസിയേഷന്‍ വിട്ട്‌ പുതിയ സഭയുണ്ടാക്കിയതോടെ അതില്‍ അംഗങ്ങളായിരുന്നവര്‍ 1995-നു മുമ്പുണ്ടായിരുന്ന പള്ളികളിലെ അവകാശങ്ങള്‍ നഷ്‌ടപ്പെടുത്തി. അതുകൊണ്ടു് നിയമാനുസൃതമായി അവരോധിയ്‌ക്കപ്പെട്ട വികാരിയെ തടസപ്പെടുത്താന്‍ അവകാശമില്ല. പുതിയ സഭ സൃഷ്‌ടിക്കുന്നതിനുള്ള അവകാശം കോടതി നിഷേധിക്കുന്നില്ല. എന്നാല്‍ അവര്‍ അംഗങ്ങളായിരുന്ന പള്ളികളില്‍ അവര്‍ക്ക്‌ അതോടെ അവകാശം നഷ്‌ടപ്പെടുന്നു. കണ്യാട്ടുനിരപ്പ്‌ പള്ളി 1995-ന്‌ മുമ്പ്‌ ഉണ്ടായിരുന്ന മലങ്കര സഭയിലെ ദേവാലയമാണ്‌. അതുകൊണ്ടാണ്‌ അവിടെനിന്നു പിരിഞ്ഞ്‌ മറ്റൊരു സഭയില്‍ അംഗങ്ങളായി തീര്‍ന്ന പ്രതികള്‍ക്കു നിരോധനം നല്‍കിയിരിക്കുന്നത്‌.

1995-ലെ സുപ്രീം കോടതി വിധി വരെ പാത്രിയര്‍ക്കീസ്‌ വിഭാഗത്തില്‍നിന്നിരുന്ന പള്ളിയാണ്‌ കണ്യാട്ടുനിരപ്പ്‌ പള്ളി. എന്നാല്‍ 1995-ലെ കോടതി വിധിയെ തുടര്‍ന്ന്‌ 1934-ലെ ഭരണഘടന അംഗീകരിച്ചു. പള്ളിയിലെ ചില അംഗങ്ങള്‍ ഇതിനെതിരേ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതിനെ തുടര്‍ന്നാണു് വിഷയം കോടതിയിലെത്തിയത്‌. വാദി ഭാഗത്തിന്‌ വേണ്ടി സീനിയര്‍ അഡ്വക്കേറ്റ്‌ എസ്‌. ശ്രീകുമാര്‍ ഹാജരായി.
കടപ്പാടു് മംഗളം ദിനപ്പത്രം , ഡിസംബര്‍ 29

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.